ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെച്ചു

കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൈമാറി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാല സീറ്റില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെച്ചത്. പാലാ സീറ്റിനെച്ചൊല്ലി എല്‍ഡിഎഫില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടരുന്നതിനിടയിലാണ് ജോസ് കെ മാണിയുടെ രാജി. കോടതി വിധിക്ക് ശേഷമേ രാജിയുണ്ടാകൂ എന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെ ചോദ്യം ചെയ്തുള്ള പി ജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.

ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജ്യസഭ എംപി പദവി രാജി വയ്ക്കുമെന്ന് ആയിരുന്നു ഒക്ടോബര്‍ 14ന് മുന്നണി മാറ്റം പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ മാണി അറിയിച്ചിരുന്നത്. കേരളാ കോണ്‍ഗ്രസ് എം പിളര്‍ത്തി ഇടതുമുന്നണിയിലേക്ക് പോയ ജോസ് കെ. മാണി ഇടതുമുന്നണിയില്‍ എത്തി മൂന്നു മാസം പിന്നിടുമ്പോഴും യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച എം.പി സ്ഥാനം രാജിവെക്കാത്തതില്‍ യുഡിഎഫ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരള കോണ്‍ഗ്രസിന് തന്നെ സീറ്റ് ലഭിക്കുമെന്നാണ് സൂചന.

അതേസമയം, ജോസ് കെ. മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍ മുന്നണി വിടുമെന്ന തീരുമാനത്തിലാണ് നിലവില്‍ പാലാ എംഎല്‍എയായ മാണി സി. കാപ്പനും എന്‍സിപിയും. ഇത് സംബന്ധിച്ച് എന്‍സിപിക്കുള്ളിലും ഇടതു മുന്നണിയിലും ചര്‍ച്ച തുടരുന്നതിനിടയിലാണ് കെ.എം മാണി മത്സരിച്ചിരുന്ന പാലാ സീറ്റ് ഉറപ്പിച്ച് ജോസ് കെ. മാണി എംപി സ്ഥാനം രാജി വെച്ചത്.