വിവാഹിതനാകുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച് കാളിദാസ് ജയറാം

കാളിദാസ് ജയറാമിനോട് പ്രേക്ഷകർക്ക് പ്രത്യേക താൽപ്പര്യമുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റെയും എന്നീ സിനിമകളിൽ ബാലതാരമായി മനം കവർന്ന കാളിദാസ് പക്ഷെ നായക നടനായി മലയാളത്തിൽ എത്തിയപ്പോൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പൂമരം, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജാക്ക് ആന്റ് ജിൽ ഉൾപ്പെടെയുള്ള നടന്റെ മലയാള സിനിമകൾ പരാജയപ്പെടുകയായിരുന്നു. എന്നാൽ തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കാളിദാസനെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. സിനിമ തിരക്കിനിടയിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കാളിദാസ്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ താരത്തിനുള്ളത്

പ്രണയത്തിലാണെന്നത് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. സിംഗിൾ അല്ല എന്ന് വ്യക്തമാക്കിയ താരം നേരത്തെ കാമുകി തരിണി കലിംഗരായർക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. കാളിദാസ് ജയറാം കഴിഞ്ഞ വാലന്റൈൻ ഡേയിലാണ് പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. വിവാഹിതനാകാൻ പോകുകയാണ് എന്ന് കാളിദാസ് തന്നെ ഒരു പൊതു വേദിയിൽ വെളിപ്പെടുത്തിയതിന്റെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഷി തമിഴ് നക്ഷത്ര 2023 അവാർഡിന് തരിണി കലിംഗരായർക്കൊപ്പം എത്തിയതായിരുന്നു കാളിദാസ് ജയറാം. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023ലെ അവാർഡ് തരിണി കലിംഗരായർക്കായിരുന്നു. നിങ്ങൾക്ക് പിന്നിൽ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെ മെൻഷൻ ചെയ്യാതാരിക്കാൻ പറ്റില്ല എന്നും തരിണിയോട് ചൂണ്ടിക്കാട്ടി അവതാരക കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ കാളിദാസ് തരിണിയെ കെട്ടിപ്പെടിച്ചു. എന്താണ് നിങ്ങളുടെ ബന്ധമെന്നും തുടർന്ന് ചോദിക്കുകയായിരുന്നു അവതാരക. വിവാഹം കഴിക്കാൻ പോകുകയായിരുന്നുവെന്നായിരുന്നു അവതാരകയുടെ ചോദ്യത്തിന് കാളിദാസ് നൽകിയ മറുപടി. സൂര്യയുടെ ശബ്‍ദത്തിൽ പ്രപ്പോസ് ചെയ്യുന്ന താരത്തെയും പിന്നീട് തരിണി കലിംഗരായരെ എടുത്തുയർത്തുന്നതുമൊക്കെ ഷി അവാർഡിന്റെ വീഡിയോയിൽ കാണാം.