നന്മവറ്റാത്ത മനസ്സുമായി കണ്ണൂരിൽ നിന്നൊരു ബസ് ഉടമ, 112 അതിഥി തൊഴിലാളികളെ സ്വന്തം ചിലവിൽ നാട്ടിലേക്കയച്ചു

അന്യസംസ്ഥാന തൊഴിലാളികൾക്ക് സഹായവുമായി കണ്ണൂർ തളിപ്പറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിയ ട്രാവൽസ് ഉടമ ശിഹാബ്. അതിഥി തൊഴിലാളികളെ ഒഡീസയിലേക്കെത്തിക്കാനായി 4 ബസുകൾ വിട്ടു നൽകിയാണ് ഷിഹാബ് കയ്യടി നേടുന്നത്. കണ്ണൂർ തോട്ടടിയിൽ നിന്ന് 112 അതിഥി തൊഴിലാളികളുമായി ബസ് ഒഡീഷയിലേക്ക് തിരിച്ചു. സൗജന്യ യാത്രയോടൊപ്പം ഇവർക്ക് സൗജന്യ ഭക്ഷണവും ഷിഹാബ് ഒരുക്കിയിട്ടുണ്ട്. 2 ദിവസത്തിനുശേഷമായിരിക്കും ഇവർ ഒഡീഷയിലെത്തുക. ഇവർക്ക് ഭക്ഷണം പാകം ചെയ്ത് നൽകാൻ ബസ് കമ്പനിയുടെ പാചകക്കാരനും ബസിലുണ്ട്

ബസ് തിരിച്ച് വരുമ്പോൾ തമിഴ്നാട് എന്നിവിടങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ കേരളത്തിലേക്കെത്തിക്കുമെന്നും ഷിഹാബ് പറഞ്ഞു. വേതനം വാങ്ങാതെയാണ് ബസ് ജീവനക്കാർ ഒഡീസയിലേക്ക് തിരിച്ചിരിക്കുന്നത്. ബസ് അവിടെ എത്തുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ബസുകളുടെ നമ്പർ സഹിതം അറിയിപ്പ് നൽകുകയും പ്രസ്തുത നമ്പർ ഉപയോഗിച്ച് പാസ് എടുക്കുന്ന മലയാളികളെ ഇതേ ബസുകളിൽ സൗജന്യമായി നാട്ടിൽ എത്തിക്കുകയുമാണ് ചെയ്യുന്നത്.

7 ദിവസത്തെ യാത്രയ്ക്ക് ശേഷം ബസുകൾ തിരിച്ചെത്തുമ്പോൾ ജീവനക്കാർക്ക് ക്വാറന്റീനിൽ കഴിയാൻ വീടും ശിഹാബ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് ഷിയയുടെ ബസുകൾ ഇതിന് മുൻപ് സൗജന്യമായി സർവീസ് നടത്തിയിരുന്നു.