ബൈജുവിന് ഇനി സ്വന്തമായി വീടു വാങ്ങാം, ഭാ​ഗ്യ ദേവത കടാക്ഷിച്ചത് ലോട്ടറിയുടെ രൂപത്തിൽ

സ്വന്തമായി ഒരു വീട് വാങ്ങണമെന്ന ആ​ഗ്രഹമയി കഴിയുന്ന ബൈജുവിനെ ഭാ​ഗ്യ ദേവത കടാക്ഷിച്ചത് കാരുണ്യ ലോട്ടറിയുടെ രൂപത്തിൽ. മുതുകുളം തെക്ക് അനുഗ്രഹയിൽ ബൈജു(മഞ്ജു)വിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 80 ലക്ഷം രൂപയാണ് സമ്മാനത്തുക.നാലുവർഷമായി വാടകവീട്ടിലാണ് ബൈജുവും കുടുംബവും കഴിയുന്നത്. സ്വന്തമായി വസ്തുവും വീടും വാങ്ങണമെന്നും കുട്ടികളെ നല്ലരീതിയിൽ പഠിപ്പിക്കണമെന്നുമാണ് ആഗ്രഹം.

എന്നാൽ ടിപ്പർ ലോറി ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും ഇതെല്ലാം എങ്ങനെ സാധിക്കുമെന്നുള്ള നിരാശയും ഇവർക്കുണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം തോൽപ്പിച്ചു കൊണ്ടാണ് ബൈജുവിനെയും കുടുംബത്തെയും ഭാഗ്യദേവത കടാക്ഷിച്ചത്. ബൈജുവിന്റെ ഭാര്യ ഷീന, മക്കൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആനന്ദ്, ഏഴാംക്ലാസ് വിദ്യാർഥിനിയായ ഐശ്വര്യ എന്നിവരാണ്. ഏതാണ്ട് നാലു വർഷക്കാലമായി സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെന്നും മുൻപ് രണ്ടു തവണയായി അമ്പതിനായിരം രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ബൈജു പറയുന്നു

വെട്ടത്ത്മുക്കിലെ രാജു എന്ന ആളുടെ കടയിൽനിന്നും ബൈജു എടുത്ത് പി ഡി 226176 എന്ന നമ്പറിലുള്ള ലോട്ടറിയ്ക്കാണ് സമ്മാനം ലഭിച്ചത്. തുടർന്ന് ലോട്ടറി കരിയിലക്കുളങ്ങര എസ് ബി ഐ ബാങ്കിൽ ഏൽപ്പിച്ചു.