കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്, പികെ ബിജുവിന്റെ വാദം പൊളിഞ്ഞു, രേഖകൾ പുറത്തുവിട്ട് അനിൽ അക്കര

തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു നടത്തിയ പ്രസ്താവന കല്ലുവെച്ച നുണയെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. താൻ ഒരു അന്വേഷണ കമ്മീഷന്റെയും ഭാഗമല്ല എന്ന് പി കെ ബിജു വാർത്താ സമ്മേളനം വഴി അറിയിച്ചതിന് പിന്നാലെയാണിത്. കരുവന്നൂർ ബാങ്കിലെ സിപിഎം കമ്മീഷന്റെ ഭാഗമായിരുന്നു പികെ ബിജു അക്കാര്യം നിഷേധിക്കുകയാണെന്നും അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

കല്ലുവെച്ച നുണ പറയുന്നതാര്?. കരുവന്നൂർ ബാങ്കിലെ സിപിഎം കമ്മീഷൻ അംഗമായ പി കെ ബിജു പറയുന്നു അങ്ങനെ ഒരു കമ്മീഷൻ ഇല്ലന്ന്. പാർട്ടിയാപ്പീസിൽ ഇരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഇന്ന് അരിയങ്ങാടിയിൽപ്പോലും കിട്ടും. കാലം മാറി ഇരുമ്പമറയ്ക്ക് തുരുമ്പായി ഓട്ടവീണു. താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ ചോദിക്ക് താനാരാണെന്ന് അതാണ് ഇപ്പോൾ ഓർമ്മ വരുന്നത് – അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അറസ്റ്റിലായ പി സതീഷ് കുമാർ തന്റെ ബിനാമി ആണെന്നതടക്കമുള്ള ആരോപണങ്ങൾ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പികെ ബിജു നിഷേധിച്ചിരുന്നു. അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു പി കെ ബിജു അറിയിച്ചത്. തനിക്കെതിരെ തെളിവുണ്ടെങ്കിൽ അനിൽ മാദ്ധ്യമങ്ങൾക്ക് കൈമാറണമെന്നും സിപിഎം നേതാവ് പറഞ്ഞിരുന്നു.