നാട്ടിലെങ്ങും കറങ്ങി തട്ടുകടയില്‍ അടിയും കൂടി കെവിന്‍ കൊലപാതകക്കേസിലെ പ്രതികള്‍

കോട്ടയം: റിമാന്‍ഡ്‌ കാലാവധി തീരുന്നതിനു മുമ്പായി പ്രതികളെയുമായി പരമാവധി സഞ്ചരിച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ്‌ തീരുമാനം. മുഴുവന്‍ പ്രതികളെയുമായി ഒരേ സ്‌ഥലത്തു തെളിവെടുപ്പിനു പോയാല്‍ പ്രഹസനമാകുമെന്നതിനാല്‍ രണ്ടും മൂന്നൂം പേരെയുമായി ഇന്നു തെളിവെടുപ്പ്‌ പൂര്‍ത്തിയാക്കാനാണു തീരുമാനം. കെവിനെ തോട്ടില്‍ തള്ളിയ ശേഷം പ്രതികള്‍ സഞ്ചരിച്ചിരുന്ന വഴികളില്‍ തെളിവെടുപ്പു നടത്തും.

മാന്നാനത്ത്‌ ആക്രമണം നടന്ന അതേസമയത്തു തന്നെ നാട്ടുകാര്‍ പോലും അറിയാതെയായിരുന്നു പോലീസിന്റെ സംഘത്തിന്റെ തെളിവെടുപ്പ്‌. പുലര്‍ച്ചെ ഒന്നരയ്‌ക്കു മൂന്നു പ്രതികളെയുമായി പോലീസ്‌ സംഘം മാന്നാനം പള്ളിത്താഴെയുള്ള വീട്ടിലെത്തി.

സംഭവം നടന്ന്‌ കൃത്യം ഒരാഴ്‌ച പിന്നിടുമ്പോള്‍ അതേസമയത്താണു പോലീസ്‌ എത്തിയത്‌. കെവിന്‍ താമസിച്ചിരുന്ന അനീഷിന്റെ വീടിനുള്ളിലെ തെളിവുകള്‍ നേരത്തെ ശേഖരിച്ചതിനാല്‍ സമീപത്തുവരെയെത്തിയ ശേഷം പോലീസ്‌ മടങ്ങി. വിവരം പുറത്തറിഞ്ഞാന്‍ പുലര്‍ച്ചെയാണെങ്കിലും വന്‍ ജനാവലി എത്താന്‍ സാധതയുണ്ടെന്നതിനാല്‍ രഹസ്യമായാണ്‌ പോലീസ്‌ എത്തിയത്‌.

പ്രതികള്‍ എത്തിയ വീടുകള്‍, പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പു നടത്തി വിവരങ്ങള്‍ ശേഖരിക്കാനാണു തീരുമാനം. സംഭവത്തിനു ശേഷം പ്രതികളുടെ സഞ്ചാരത്തിനിടയില്‍ കൊല്ലം ജില്ലയില്‍ ഒരു തട്ടുകടയില്‍ വച്ചു അടിപിടിയുമുണ്ടായിരുന്നു. ഇതെല്ലാം തെളിവെടുപ്പു വേളയില്‍ പരിശോധിക്കുമെന്നു ജില്ലാ പോലീസ്‌ മേധാവി ഹരിശങ്കര്‍ പറഞ്ഞു.