ഒടുവിൽ വേദനയോടെ ഞങ്ങൾ ആ സത്യം മനസിലാക്കി, നീതു ജോൺസൻ സഖാക്കൾക്ക് മാത്രം കാണാൻ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടിയാണ്

നീതു ജോൺസനെ തേടിയാണ് കേരളക്കര ഇന്ന് കാത്തിരുന്നത്. അനിൽ അക്കര എംഎൽഎയും രമ്യഹരിദാസ് എംപിയും കാത്തിരുന്നിട്ടും നീതുവന്നില്ല. ഇതിനെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് കൊടിക്കുന്നിൽ സുരേഷ് എം.പി. നീതു ജോൺസൺ സഖാക്കൾക്ക് മാത്രം കാണാൻ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടിയാണ് എന്നാണ് കൊടിക്കുന്നിൽ സുരേഷ് എം.പി പരിഹസിച്ച് കുറിപ്പെഴുതിയിരിക്കുന്നത്. ‘ഒടുവിൽ വേദനയോടെ ഞങ്ങൾ ആ സത്യം മനസിലാക്കി. നീതു ജോൺസൻ സഖാക്കൾക്ക് മാത്രം കാണാൻ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടിയാണ്’; എന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചത്.

ലൈഫ് മിഷൻ പദ്ധതിയിലെ വീട് ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് നീതു ജോൺസൺ എഴുതിയതായി പറയുന്ന കത്ത് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. വടക്കാഞ്ചേരി ഗവൺമന്റ്‌ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌ ടു വിദ്യാർത്ഥിനിയായ നീതു ജോൺസണ് വീട്ടിൽ അമ്മയും ഒരനിയത്തിയുമാണുള്ളതെന്നും നഗരസഭാ പുറമ്പോക്കിൽ വെച്ചുകെട്ടിയ ഒരു ഒറ്റമുറി വീട്ടിൽ താമസിക്കുന്ന തങ്ങൾക്ക് വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ വരുന്ന വാർത്തകൾ വലിയ നിരാശയാണ് സമ്മാനിക്കുന്നതെന്നുമായിരുന്നു കത്തിൽ പറയുന്നത്.

കത്ത് വൈറലായതോടെ കത്തിൽ പറയുന്ന നീതു ജോൺസണെ കാണാൻ തയ്യാറാണെന്ന് അനിൽ അക്കരെ എംഎൽഎ അറിയിച്ചു. ഇന്ന് വടക്കാഞ്ചേരി എങ്കേക്കാട് മങ്കര റോഡിൽ രണ്ടര മണിക്കൂർ അനിൽ അക്കര എം.എൽ.എ നീതുവിനെ കാത്തിരുന്നെങ്കിലും കാണാൻ സാധിച്ചില്ല. നീതുവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പലതും പരാജയപ്പെട്ടതോടെയാണ് വടക്കാഞ്ചേരി ഏങ്കേകാട് മങ്കര റോഡിൽ രാവിലെ 9 മണി മുതൽ പന്തൽ കെട്ടി എം.എൽ.എ കാത്തിരുന്നത്. നീതുവിന്റെ കത്ത് വായിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് രമ്യ ഹരിദാസ് എംപിയും രംഗത്തെത്തി. രണ്ടര മണിക്കൂർ കാത്തിരുന്നെങ്കിലും നീതു വന്നില്ല. ഇതോടെ നീതുവിനെ കണ്ടെത്താനായി വടക്കാഞ്ചേരി പൊലീസിൽ എം.എൽ.എ പരാതി നൽകി.

https://www.facebook.com/kodikunnilMP/posts/2767657373471182