ജോളിയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി

കൂടത്തായി കൂട്ടക്കൊല കേസില്‍ പ്രതി ജോളിയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി. ഇപ്പോള്‍ കൈയ്യിലുണ്ടായിട്ടുള്ള മുറിവ് കല്ലുകൊണ്ട് ഉണ്ടാക്കിയിട്ടുള്ളതാണെന്നും രണ്ടു ദിവസത്തിനകം ജോളിക്ക് ആശുപത്രി വിടാനാകുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. നിലവില്‍ ജോളിയെ പ്രത്യേക വാര്‍ഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ വെച്ചാണ്‌ ജോളി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ബ്ലയിഡ് ഉപയോഗിച്ചാണ് ഞരമ്പ്‌
മുറിച്ചതെന്നാണ് പോലീസ് ആദ്യം കണക്കാക്കിയിരുന്നത്. ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച്‌ അധികൃതരെ അറിയിച്ചത്. ജയിലില്‍ ജോളിയുടെ സെല്ലില്‍ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. എന്നാല്‍, ഞരമ്ബ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുക്കളൊന്നും സെല്ലില്‍ നിന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. വായകൊണ്ട് കടിച്ച്‌ മുറിവുണ്ടാക്കി ടൈല്‍സില്‍ ഉരച്ച്‌ മുറിവ് വലുതാക്കി എന്നാണ് ജോളി നല്‍കിയിട്ടുള്ള മൊഴി. ഈ മൊഴി വിശ്വാസ്യയോഗ്യമല്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

നേരത്തെ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ച ജോളിയെ പ്രത്യേകം നിരീക്ഷണത്തിലാക്കിയിരുന്നു. എന്നിട്ടും ഇത്തരത്തിലൊരു സംഭവമുണ്ടായത് ജയില്‍ അധികൃതര്‍ക്ക് തലവേദനയായി. ജോളി ഉള്‍പ്പെടെ 6 പേരാണ് സെല്ലില്‍ ഉണ്ടായിരുന്നത്. ജോളിയുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു വനിത വാര്‍ഡനും നിലവിലുണ്ട്. ഇത്രയൊക്കെ സംവിധാനങ്ങള്‍ ഉണ്ടായിട്ടും കൈയില്‍ ഇത്രവലിയ മുറിവ് എങ്ങനെ ഉണ്ടാക്കി എന്നതിനെ കുറിച്ചുള്ള ദുരൂഹത തുടരുകയാണ്. കൈ ഞരമ്ബ് മുറിക്കാനുപയോഗിച്ച ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

പുലര്‍ച്ചെ ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് തടവുകാരാണ് ആത്മഹത്യാ ശ്രമത്തെക്കുറിച്ച്‌ അധികൃതരെ അറിയിച്ചത്. ഉറക്കമുണര്‍ന്ന ഇവര്‍ പുതപ്പിനുള്ളില്‍ വച്ചാണ് കൈഞരമ്ബ് മുറിച്ചതെന്നാണ് പറയുന്നത്. ജയിലിനുള്ളില്‍ ജോളിക്ക് എന്തെങ്കിലും ആയുധങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. ജോളിക്ക് ജയിലിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള ആയുധം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. രക്തം വാര്‍ന്നുപോയെങ്കിലും ജോളിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതക പരമ്ബര. സയനൈഡ് ഉപയോഗിച്ച്‌ 17 വര്‍ഷങ്ങള്‍ക്കിടെ 6 കൊലപാതകങ്ങളാണ് ഇവര്‍ നടത്തിയത്. ആദ്യഭര്‍ത്താവ് റോയ്, റോയിയുടെ മാതാപിതാക്കളായ അന്നമ്മ, ടോം തോമസ്, അമ്മാവന്‍ മാത്യു, രണ്ടാം ഭര്‍ത്താവിന്റെ ആദ്യ ഭാര്യ സിലി, ഇവരുടെ മകള്‍ ആല്‍ഫൈന്‍ എന്നിവരെയാണ് ജോളി കൊലപ്പെടുത്തിയത്. ഇവരെയൊക്കെ കൊലപ്പെടുത്തിയ ജോളി ടോം തോമസിന്റെ സ്വത്ത് തട്ടിയെടുത്തത് റോയിയുടെ സഹോദരങ്ങള്‍ ചോദ്യം ചെയ്യുകയും വ്യാജ ഒസ്യത്ത് വിവരം വെളിപ്പെടുകയും ചെയ്തതോടെയാണ് കൊലപാതക വിവരങ്ങള്‍ പുറത്ത് വന്നത്. ജോളിയെ പൊലീസ് ചോദ്യംചെയ്തു തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുമോയെന്ന സംശയം പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതുകൊണ്ട് അതീവസുരക്ഷ ഇവര്‍ക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. കേസില്‍ മുഴുവന്‍ കുറ്റപത്രങ്ങളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു.