എതിർത്ത് സംസാരിക്കാനാവില്ല,അടൂർ ഗോപാലകൃഷ്ണൻ തൻറെ ഗുരു-കെപിഎസി ലളിത

ആർഎൽവി രാമകൃഷ്ണന് മോഹിനിയാട്ട വേദി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സംഗീതനാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് കലാകാരന്മാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി അടൂർ ബാലകൃഷ്ണൻ രം​ഗത്തെത്തിയിരുന്നു.കെപിഎസി ലഴിതക്കെതിരെയും കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.എന്നാൽ അടൂർ ഗോപാലകൃഷ്ണൻ്റെ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് കെ പി എ സി ലളിത. അടൂർ ഗോപാലകൃഷ്ണൻ തൻ്റെ ഗുരുവാണ്. അദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ നിരവധി നല്ല വേഷങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തെ എതിർത്ത് സംസാരിക്കാൻ ആവില്ലെന്നും കെ പി എ സി ലളിത പ്രതികരിച്ചു. ആർ എൽ വി രാമകൃഷ്ണനെ സർഗ ഭൂമികയിൽ പങ്കെടുപ്പിക്കുമോയെന്ന ചോദ്യത്തിനും പ്രതികരിക്കാനില്ല എന്നായിരുന്നു കെ പി എ സി ലളിതയുടെ മറുപടി.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലാകാരന്മാർക്ക് വേദി ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഗീത നാടക അക്കാദമി സർഗ ഭൂമിക എന്ന പേരിൽ പരിപാടിക്ക് തുടക്കമിട്ടത്. ഇതിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം തേടിയാണ് ആർ എൽ വി രാമകൃഷ്ണൻ കെ പി എ സി ലളിതയെ ആദ്യം സമീപിച്ചത്. അക്കാദമിയിൽ അപേക്ഷ നൽകാനും ഇക്കാര്യം സെക്രട്ടറിയോട് നേരിട്ട് സംസാരിക്കാമെന്നും കെ പി എ സി ലളിത പറഞ്ഞു എന്നും എന്നാൽ അപേക്ഷ നൽകാൻ എത്തിയപ്പോൾ അവഹേളനമായിരുന്നു നേരിട്ടത് എന്നാണ് ആർ എൽ വി രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്.

രാമകൃഷ്ണന് അവസരം നൽകിയാൽ ഇതുവരെയുള്ള അക്കാദമിയുടെ മികച്ച പ്രവർത്തനങ്ങൾക്ക് വിമർശനം ഉണ്ടാകുമെന്നും സെക്രട്ടറി അറിയിച്ചതായി കെ പി എ സി ലളിത തന്നോട് പറഞ്ഞുവെന്നും രാമകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഇത് ജാതിപരമായും ലിംഗപരമായുമുള്ള അധിക്ഷേപം ആണെന്ന് രാമകൃഷ്ണൻ ആരോപിച്ചു. ഇത് വിവാദമായതോടെ രാമകൃഷ്ണനെ പൂർണമായി തള്ളി സെക്രട്ടറിയെ ന്യായീകരിച്ച് കെ പി എ സി ലളിത രംഗത്ത് വന്നു. ഇതിൽ മനംനൊന്ത് രാമകൃഷ്ണൻ ജീവനൊടുക്കാൻ ശ്രമിച്ചതോടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് എല്ലാ ദിവസവും സംഗീത നാടക അക്കാദമിക്ക് മുന്നിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും അധികൃതർ പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല.