കുടുംബവിളക്കിൽ ശീതളായി ഇനി എത്തുക ശ്രീലക്ഷ്മി ശ്രീകുമാർ

പ്രേക്ഷകരുടെ പ്രീയ പരമ്പരയായി മാറിക്കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. ‘സുമിത്ര’ എന്ന വീട്ടമ്മയെ മുൻനിർത്തി, സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അഭിനേതാക്കളെല്ലാംതന്നെ ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവെക്കുന്നത്. മീരാ വാസുദേവാണ് സുമിത്രയായെത്തുന്നത്. സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകൾ ശീതളായെത്തുന്നത് .ആദ്യം നെ​ഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും ഇപ്പോൾ അത് മാറിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് അമൃത ഇനി മുതൽ എത്തില്ല എന്ന വിവരം പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്. കുടുംബവിളക്ക് പരമ്പരയിലെ മികച്ച പ്രേക്ഷക സ്വീകാര്യതയുളള കഥാപാത്രങ്ങളിലൊന്നായിരുന്നു അമൃതയുടേത്.

പുതിയ ശീതളായി എത്തുന്നത് കാർത്തിക ദീപം പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതമുഖമായ ശ്രീലക്ഷ്മി ശ്രീകുമാറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താൻ കുടുംബവിളക്കിൽ ജോയിൻ ചെയ്ത കാര്യം നടി തന്നെ പരോക്ഷമായി സൂചന നൽകിയിട്ടുണ്ട്. ഏറെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു.