പെൺകുട്ടി ഉള്ളതല്ലേ കാൻസറാണെന്ന് ആരും അറിയാതിരിക്കുന്നതല്ലേ നല്ലത്?

എന്തിന് അത് പുറത്ത് പറയണം? പെൺകുട്ടി ഉള്ളതല്ലേ ആരും അറിയാതിരിക്കുന്നതല്ലേ നല്ലത്??? ഏറ്റവും അധികം ഞാൻ നേരിട്ടിട്ടുള്ള ചോദ്യം ഇതാണ്….പക്ഷെ അത് ഇ ലോകത്തോട് വിളിച്ചു പറയാൻ എനിക്ക് ഒരു മടിയുമില്ല. എന്റെ ചികിത്സയുടെ സമയത്തു ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു,,.. ഇതിനെ കുറിച്ച് പറഞ്ഞു തരാൻ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന് കാൻസറെന്ന വില്ലൻ പിടിപെട്ടപ്പോഴുള്ള വേദനിപ്പിക്കുന്ന സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ തുറന്നുപറയുകയാണ് ലക്ഷ്മി ജയൻ നായർ.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം

ഒക്ടോബർ 1 – 31 വരെ ബ്രെസ്റ്റ് കാൻസർ അവേർനസ് മാസം ആണ്. ഞാനും ഒരു കാൻസർ രോഗി ആണ്. അത് പറയുമ്പോൾ നിങ്ങൾക്ക് വിഷമം ഇല്ലേ? എന്തിന് അത് പുറത്ത് പറയണം? പെൺകുട്ടി ഉള്ളതല്ലേ ആരും അറിയാതിരിക്കുന്നതല്ലേ നല്ലത്??? ഏറ്റവും അധികം ഞാൻ നേരിട്ടിട്ടുള്ള ചോദ്യം ഇതാണ്….പക്ഷെ അത് ഇ ലോകത്തോട് വിളിച്ചു പറയാൻ എനിക്ക് ഒരു മടിയുമില്ല. എന്റെ ചികിത്സയുടെ സമയത്തു ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു,,.. ഇതിനെ കുറിച്ച് പറഞ്ഞു തരാൻ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന്…എന്റെ ഹോസ്പിറ്റലിൽ ചികിത്സ കഴിഞ്ഞ ഓരോ പോരാളികളും മറ്റുള്ളവരെ എങ്ങനെ സഹായിക്കാം എന്ന് ആഗ്രഹിച്ചിരുന്നവർ ആണ്. മറ്റൊരാൾക്ക്‌ നമ്മൾ പ്രചോദനം ആയാൽ അതല്ലേ നല്ലത്??? “നിങ്ങൾക്ക് കാൻസർ ഉണ്ട്” എന്ന വാക്കുകൾ നിങ്ങളുടെ പകുതി ജീവൻ നിങ്ങളിൽ നിന്ന് അടർത്തി മാറ്റാൻ തക്ക ശക്തി ഉള്ളതാണ് …..പക്ഷെ അത് നമ്മൾ ഒരു പോരാളി ആകുന്നത് വരെ മാത്രം.

എന്ന് നമ്മൾ അതിനെതിരെ ശക്‌തമായി പോരാടുന്നുവോ അന്ന് വരെ മാത്രം…അർബുദം നിർണ്ണയിക്കുന്നത് നമ്മളിൽ പലതരം വൈകാരിക ഫലങ്ങൾ ഉണ്ടാക്കും. നിങ്ങൾക്ക് ആദ്യമായി രോഗനിർണയം നടത്തുമ്പോൾ നിങ്ങൾക്ക് പലതരത്തിൽ ഉള്ള വിചാരങ്ങൾ അനുഭവപ്പെടാം: ഭാവി എന്താകുമെന്ന് ഉള്ള ഭയം. ‘എന്തുകൊണ്ട് ഞാൻ????…’.എന്ന ചോദ്യം ‘ഇത് അർഹിക്കാൻ ഞാൻ എന്തു തെറ്റ് ചെയ്തു?’ എന്ന ചിന്ത. പ്രത്യേകിച്ചും നിങ്ങൾക്ക് ആരോഗ്യവും ആത്മവിശ്വാസവും തോന്നുന്നുവെങ്കിൽ ‘എനിക്ക് ശരിക്കും കാൻസർ ആണോ’ എന്ന അവിശ്വാസം !!!!

കാൻസർ കണ്ടെത്തിയതിൽ ആശ്വാസം ഉണ്ടെങ്കിലും ചികിത്സയെക്കുറിച്ചും ഭാവിയെക്കുറിച്ചും ഉള്ള ഉത്കണ്ഠ !!!!നിങ്ങളുടെ ജീവിതം മാറിക്കൊണ്ടിരിക്കുന്നു എന്ന സങ്കടം.. ചിലപ്പോൾ ഒരു തരം മരവിപ്പ്…എനിക്ക് ആകെ ഞെട്ടലും സങ്കടവും ആയിരുന്നു. ഞാൻ മരിക്കുമെന്ന് തന്നെ ശരിക്കും കരുതി. പക്ഷെ നിങ്ങളുടെ പ്രാരംഭ വികാരങ്ങൾ എന്തുതന്നെയായാലും നിങ്ങളുടെ ജീവിതം ക്യാൻസർ ഏറ്റെടുക്കരുതെന്ന് നിങ്ങൾ ദൃഢനിശ്ചയം ചെയ്യണം.

നിങ്ങളുടെ ചികിത്സയെക്കുറിച്ച് നിങ്ങൾക്ക് ആകാംക്ഷയോ ഉത്കണ്ഠയോ ഉണ്ടാകാം. പക്ഷെ അതൊരിക്കലും നിങ്ങളുടെ ജീവിതത്തെയും ചികിത്സയെയും ബാധിക്കരുത്. നിങ്ങളുടെ ക്യാൻസറിനെക്കുറിച്ച് നിങ്ങൾക്ക് തോന്നുന്ന രീതിയും അത് നിങ്ങളെയും ശരീരത്തെയും എങ്ങനെ ബാധിച്ചുവെന്നതും കാലക്രമേണ മാറും. രോഗനിർണയം നടത്തുമ്പോൾ നിങ്ങൾക്കുള്ള ആശങ്കകൾ ചികിത്സയുടെ അവസാനത്തിൽ നിന്ന് തികച്ചും വ്യത്യസ്തവും വർഷങ്ങൾക്കുശേഷം വീണ്ടും വ്യത്യസ്തവുമാകുകയാണ്….

നിങ്ങളുടെ അർബുദത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് നിങ്ങളെ മാത്രമല്ല, നിങ്ങളുടെ ചുറ്റുമുള്ളവരുടെയും പശ്ചാത്തലത്തെയും കൂടി ആശ്രയിച്ചിരിക്കും. നിങ്ങളെ പരിപാലിക്കുന്നവർ കൂടി ധീരതയുടെ മുഖം മൂടി എടുത്തു അണിയേണ്ടതായി വരും. ഓരോ തലവേദനയും…..ശരീരത്തിൽ ഉണ്ടാകുന്ന മറ്റ് വേദനകളും : ഇത് അസ്ഥി മെറ്റാസ്റ്റാസുകളാണോ?( Bone metastasis ) കാൻസർ എന്റെ തലച്ചോറിലേക്ക് വ്യാപിച്ചിട്ടുണ്ടോ? എന്റെ ശരീരത്തിൽ മറ്റെവിടെയെങ്കിലും കാൻസർ ഉണ്ടോ എന്ന സംശയത്തിന്റെ മുൾമുനയിൽ നിങ്ങളെ നിർത്തും.

പക്ഷെ കാൻസർ ഭയക്കേണ്ടതില്ല. മനുഷ്യരുടെ എല്ലാവരുടെയും ശരീരത്തിൽ കാൻസർ കോശങ്ങളുണ്ട്. ചിലരുടെ ശരീരത്തിൽ അത് പരിധിയിൽ കൂടുതലായി വളർച്ച പ്രാപിക്കുന്നതാണ് ഭയപ്പെടുത്തുന്ന കാൻസർ ആയി മാറുന്നത്. നമ്മുടെ വൈദ്യരംഗം വളരെ മികവാർന്നതാണ്. ഒരുപാട് വൈകുന്നതിനു മുൻപ് കണ്ട് പിടിച്ചാൽ ഉചിതമായ ഒരു ചികിത്സയിലൂടെ മാറ്റിയെടുക്കാവുന്നതാണ് ഒട്ടുമിക്ക എല്ലാ കാൻസറും. നമ്മുടെ ജീവിതം നമ്മുടെ കൈയിൽ ആണ്. മാനസികമായി നമ്മൾ തളർന്നാൽ ഒരിക്കലും നമുക്ക് ശരീരികമായി അതിജീവിക്കാൻ പറ്റില്ല. ബ്രെസ്റ്റ് കാൻസറുമായി എന്ത് സംശയം ഉണ്ടെങ്കിലും നിങ്ങൾക്ക് എന്റെ മെസഞ്ചറിൽ വരാം. എന്നാൽ കഴിയുന്ന രീതിയിൽ നിങ്ങളെ സഹായിക്കാൻ ഞാൻ തയ്യാറാണ്.