പിണറായി വിജയനെതിരായ ലാവലിൻ കേസ് ചൊവ്വാഴ്ച, ശക്തമായ തെളിവുകളുമായി സി ബി ഐ

ന്യൂഡൽഹി. എസ് എൻ സി ലാവലിൻ കേസ് ചൊവ്വാഴ്ചത്തെ പട്ടികയിൽ ഉൾപെടുത്തി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ്റ്റിന്റെ ബെഞ്ചാണ് കേസ് ലിസ്റ്റ് ചെയ്തത്. കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജിയിൽ ചൊവ്വാഴ്ച വാദം കേൾക്കും.

ഭരണഘടനാ ബെഞ്ചിന്റെ നടപടിക്രമങ്ങൾക്ക് ശേഷമാകും ഹർജി പരിഗണിക്കുക. ഭരണഘടനാ ബെഞ്ചിന്റെ സിറ്റിംഗ് കാരണം കഴിഞ്ഞ 13 ൽ നിന്നും കേസ് പരിഗണിക്കുന്നത് മാറ്റി വെക്കുകയായിരുന്നു. കേസിൽ പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ കുറ്റമുക്തനാക്കിയതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീൽ ഹരജിയാണ് സുപ്രീംകോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് വിനീത് സരൺ എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

2017 ഓഗസ്റ്റ് 23നാണ് ലാവലിൻ കേസിൽ പിണറായി വിജയൻ, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രൻ, കെ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചിരുന്നതാണ് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. ഒപ്പം ഉദ്യോസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യർ, എം വി രാജഗോപാൽ, ആർ ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബർ 19നാണ് സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുന്നത്.

പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് കേസിൽ സിബിഐയുടെ വാദം. വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ അടക്കമുള്ളവർ നൽകിയ അപ്പീലിൽ വിചാരണ നേരിടണമെന്ന ഉത്തരവ് സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് വാദം കേൾക്കുന്നത് നിരവധി തവണ മാറ്റിവെക്കുകയാണ് ഉണ്ടായത്.

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സി ബി ഐ കണ്ടെത്തിയിരുന്നത്. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം പിണറായി വിജയൻ എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിൽ ഉയരുന്ന പ്രധാന ആരോപണം.