സുപ്രഭാതം പത്രത്തിൽ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം

സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിൻ്റെ ആദ്യപേജ് ന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്ന നിർണ്ണായകമായ രാഷ്ട്രീയ സന്ദേശത്തോടെയുള്ള പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചിത്രവുമുണ്ട്. നേരത്തെ സമസ്ത മുഖപത്രത്തിൽ ഇടത് മുന്നണി പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകൻ സുപ്രഭാതം കത്തിച്ചുവെന്ന ആരോപണം വിവാദമായിരുന്നു.

മുഖ്യമന്ത്രിയുടെ ചിത്രത്തോടുകൂടി സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചതാണ് പത്രം കത്തിക്കാൻ കാരണം. വർഷങ്ങളായി സമസ്തയ്ക്കും ലീഗിനും വേണ്ടി പ്രവർത്തിക്കുന്ന തനിക്ക് ഒരിക്കലും ഈ പരസ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് പത്രം കത്തിച്ച തിരൂരങ്ങാടി കൊടിഞ്ഞിയിലെ മുസ്ലീം ലീഗ് പ്രവർത്തകൻ കോമ്മുക്കുട്ടി ഹാജി പറഞ്ഞു.

സുപ്രഭാതത്തിൽ എൽഡിഎഫ് പരസ്യം വന്നത് ബിസിനസിന്റെ ഭാഗമാണെന്നും സംഘടനയുടെയോ പത്രത്തിന്റെയോ നിലപാടല്ലെന്നുമാണ് ലീഗിന്റെ പ്രതികരണം. പത്രം കത്തിച്ചയാൾ ഔദ്യോഗിക ഭാരവാഹി അല്ലെന്നാണ് ലീഗിന്റെ വിശദീകരണം. പത്രം കത്തിച്ച നടപടി കാടത്തമെന്ന് പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി കെഎസ് ഹംസ പ്രതികരിച്ചു.