ഇടുക്കിയിൽ ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ അപകടം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: ഗ്രാനൈറ്റ് താഴെയിറക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ പ്രദീപ്, സുദന്‍ എന്നിവരാണ് മരിച്ചത്. കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നെടുങ്കണ്ടം മൈലാടുംപാറ ആട്ടുപാറയില്‍ ഇന്ന് വൈകീട്ട് 4.30നാണ് ദാരുണമായ സംഭവം ഉണ്ടായത്.

ആട്ടുപാറയിലെ സ്വകാര്യ എസ്റ്റേറ്റിലേക്ക് തോട്ടം പണിയുമായി ബന്ധപ്പെട്ടാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. തൊഴിലാളികള്‍ കണ്ടെയ്‌നറില്‍നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാളികളായി അടുക്കിവെച്ചിരുന്ന ഗ്രാനൈറ്റ് ഇരുവരുടെയും മേല്‍ മറിഞ്ഞു വീഴുകയായിരുന്നു. ഇതോടെ കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ച് ആളെക്കൂട്ടി.

ഇവരെ രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമം വിജയം കണ്ടില്ല. ശേഷം ഒന്നര മണിക്കൂറോളം നീണ്ട പ്രയ്തനത്തിനൊടുവിലാണ് ഗ്രാനൈറ്റ് ഇവരുടെ ശരീരത്തിന് മുകളില്‍നിന്ന് എടുത്തുമാറ്റാനായത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഗ്രാനൈറ്റ് ഓരോ പാളികളായി എടുത്തുമാറ്റി ഇവരെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നെടുങ്കണ്ടത്തെ സ്വകാര്യ നിര്‍മാണ ശാലയിലെ തൊഴിലാളാണ് മരിച്ച പ്രദീപും സുദനും. ഗ്രാനൈറ്റ് ഇറക്കുന്നതില്‍ വൈദിഗ്ധ്യമുള്ള ആളുകളായിരുന്നില്ല ഇവര്‍. കൂടാതെ കണ്ടെയ്‌നര്‍ ഒരു വശത്തേക്ക് ചെരിഞ്ഞ നിലയിലുമായിരുന്നു . ഇരുവരുടെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.