പിന്‍വാതില്‍ നിയമനം; പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി എം.ബി.രാജേഷ്, വിവാദം എഴുതാത്ത കത്തിനെക്കുറിച്ചെന്ന് മറുപടി

തിരുവനന്തപുരം: നിയമസഭയിൽ പിന്‍വാതില്‍ നിയമനം എന്ന പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി എം.ബി.രാജേഷ്. വ്യാജ പ്രചാരണം കൊണ്ട് പുകമറ സൃഷ്ടിക്കാനുള്ള സംഘടിതമായ ശ്രമമാണ് നടക്കുന്നത്. പ്രചാരണം ഉദ്യോഗാര്‍ഥികള്‍ തള്ളിയതിന്‍റെ ഫലമാണ് തിരഞ്ഞെടുപ്പ് ജയം. താല്‍ക്കാലിക നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഓഡിറ്റിങ്ങിന് വിധേയമാക്കും. യുഡിഎഫിനെക്കാള്‍ അധികമായി 18000 പേര്‍ക്ക് എല്‍ഡിഎഫ് നിയമനം നല്‍കിയെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

എഴുതാത്ത കത്തിന്‍റെ പേരിലാണ് വിവാദം. കത്ത് വ്യാജമെന്നും തിരുവനന്തപുരം മേയര്‍ക്കെതിരെയുള്ള കത്ത് വിവാദത്തില്‍ മന്ത്രി മറുപടി നൽകി. മറുപടി നീളുന്നുവെന്ന് മന്ത്രി എം.ബി. രാജേഷിനോട് സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ റൂളിങ്. സ്പീക്കറുടെ പരാമര്‍ശം നിയമസഭയില്‍ ചിരിപടര്‍ത്തി. മറുപടി പ്രധാനപ്പെട്ട വിഷയത്തിലെന്ന് എം.ബി.രാജേഷ് പ്രതികരിച്ചു.

സഭയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ ഉന്നയിച്ചത് പ്രതിപക്ഷമാണ്. പി.എസ്.സിയെ നോക്കുകുത്തിയാകുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. പി.സി.വിഷ്ണുനാഥാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.