അബുദാബി ബിഗ് ടിക്കറ്റ് സൗഭാഗ്യം വീണ്ടും മലയാളികള്‍ക്ക്, രഞ്ജിത്തിനും കൂട്ടര്‍ക്കും 20.54 കോടി രൂപ സമ്മാനം

അബുദാബി: പലപ്പോഴും ഭാഗ്യ ദേവതയുടെ കടാക്ഷം ഗള്‍ഫില്‍ മലയാളികളെ തേടിയെത്താറുണ്ട്. ഇക്കുറിയും ആ പതിവ് തെറ്റിയില്ല. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(ഏകദേശം 20.54 കോടി രൂപ) സമ്മാനമായി ലഭിച്ചത് മലയാളികള്‍ക്കാണ്. ഒമാനിലെ സീബില്‍ ജോലി ചെയ്യുന്ന ആറംഗ മലയാളി സുഹൃത്തുക്കളെ തേടിയാണ് ഇക്കുറി കോടികളുടെ ഭാഗ്യമെത്തിയത്.

കൊല്ലം സ്വദേശിയായ രഞ്ജിത്ത് വേണുഗോപാല്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് യൂസഫ്, തിരുവനന്തപുരം സ്വദേശ് വിഎസ് വിപിന്‍, തൃശൂര്‍കാരായ ഷാലു ശങ്കര്‍, കെ ജി ഷാജി, കോഴിക്കോട് സ്വദേശിയായ ഇസ്മായില്‍ എന്നിവര്‍ക്കാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. 12 വര്‍ഷമായി ഒമാനില്‍ റിയല്‍ എസ്റ്റേറ്റ് കമ്ബനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന രഞ്ജിത്തിന്റെ പേരിലാണ് ടിക്കറ്റെടുത്തത്. ഡിസംബര്‍ മൂന്നിനായിരുന്നു നറുക്കെടുപ്പ്.

നവംബര്‍ 27നാണ് രഞ്ജിത്തും സുഹൃത്തുക്കളും ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുത്തത്. ഇത് രണ്ടാം തവണയാണ് ഇവര്‍ ടിക്കറ്റ് എടുക്കുന്നത്. സമ്മാനതുകയില്‍ തനിക്ക് ലഭിക്കുന്ന പങ്ക് ഉപയോഗിച്ച് മകളുടെ വിദ്യാഭ്യാസവും വീടുവയ്ക്കാനുമാണ് തീരുമാനം എന്ന് രഞ്ജിത് പറഞ്ഞു.