ദുബൈയിൽ ഗ്യാസ് സിലണ്ടർ സ്ഫോടനം,മലയാളി മരിച്ചു

ദുബായി കറാമയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തലശ്ശേരി പുന്നോൽ കുറിച്ചിയിൽ റൂഫിയ മൻസിലിലെ ഷാനിൽ (22) അന്തരിച്ചു. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു മരണം. ദുബായിലെ റാഷിദ് ആശുപത്രിയിൽ അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പൊള്ളലേറ്റ മൂന്ന് പേരിൽ അവസാനത്തെയാളാണ് ഇപ്പോൾ മരിച്ചത്. ഷാനിൽ ദുബായിലെ ജി.എസ്.എസ് ലോജിസ്റ്റിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.രണ്ട് വർഷമായി ദുബായിൽ ജോലി ചെയ്യുന്നു.

അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഷാനിലിൻ്റെ സുഹൃത്തുക്കളും ദുബായിലെ ജോലി സ്ഥലത്തെ താമസക്കാരുമായ പുന്നോൽ സ്വദേശികളായ രണ്ട് യുവാക്കൾ നേരത്തെ മരിച്ചിരുന്നു. സംഭവം നടന്നയുടനെ ബർദുബായിലെ അനാം അൽ മദീന ഫ്രൂട്സ് ഗ്രോസറിയിലെ ജീവനക്കാരൻ മലപ്പുറം തിരൂർ സ്വദേശി പറന്നൂർ പറമ്പിൽ യാക്കൂബ് അബ്ദുല്ല (38) മരിച്ചിരുന്നു.

ഇതോടെ ഈ സംഭവത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി.
ഒക്ടോബർ 17 ന് രാത്രി ദുബായി കറാമയിലെ ഒരു കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലെ ഫ്ലാറ്റിനോട് ചേർന്നുള്ള മെസ്സ് നടത്തുന്നവരുടെ അടുക്കളയിലാണ് അപകടമുണ്ടായത്.

പാചക വാതകം ചോർന്നതിനെ തുടർന്ന് രണ്ട് സിലിണ്ടറുകൾ ഒരുമിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഫ്ലാറ്റിലെ മുറികളിലൊന്നിൽ ഒരുമിച്ച് താമസിക്കുകയായിരുന്ന മൂന്ന് പുന്നോൽ കുറിച്ചിയിൽ സ്വദേശികൾക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

ഇവരിൽ കുറിച്ചിയിൽ മാതൃക-റെയിൽ റോഡിൽ നിട്ടൂർ വീട്ടിൽ നിതിൻ ദാസ് (24 – ഉണ്ണി) ഒക്ടോബർ 19- നാണ് മരിച്ചത്.പുന്നോൽ കുറിച്ചിയിലെ കുഴിച്ചാലിൽ പൊന്നമ്പത്ത് പൂഴിയിൽ നഹീൽ നിസാർ (26) നവംബർ 18 ന് മരിച്ചു. പിതാവ്കവിയൂർ പുട്ടുവക്കാട് നൗഷാദ്. മാതാവ്പുന്നോൽ കുറിച്ചിയിൽ കുഴിച്ചാൽ പൊന്നമ്പത്ത് റൂഫിയ. സഹോദരങ്ങൾ: ശാലിൻ, മിൻഹ, പരേതനായ നിഹാൽ. ബന്ധുക്കൾ ദുബായിൽ എത്തിയിരുന്നു. കബറടക്കം വെള്ളിയാഴ്ച വൈകുന്നേരം ദുബായിൽ ഗിസൈസിലെ ഖബർസ്ഥാനിൽ നടന്നു.