മലയാള സിനിമയുടെ പേരിൽ വൻ പണപിരിവും തട്ടിപ്പും, ഓസ്ട്രേലിയൻ ദമ്പതിമാർക്കെതിരെ ജാമ്യമില്ലാ കേസ്, ബൈജു കൊട്ടാരക്കരയും പ്രതി

മലയാള സിനിമയിലെ ഇന്‍വെസ്റ്റര്‍ എന്ന് സ്വയം പരിചയപ്പെടുത്തി വൻ പണപിരിവും തട്ടിപ്പും നടത്തി. ഓസ്ട്രേലിയൻ മലയാളി ദമ്പതിമാരായ ഷിബു ലോറൻസ് ഭാര്യ ജോമോൾ ഷിബു, യൂട്യൂബറും സിനിമാ പ്രവർത്തകനുമായ ബൈജു കൊട്ടാരക്കര എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തു. ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ദമ്പതിമാരായ ഷിബു ലോറൻസും ഭാര്യ ജോമോളും ചേർന്ന് വൗ സിനിമ കമ്പിനിയിൽ പാട്ണർ ആക്കാം എന്ന് പറഞ്ഞ് പരിയാരത്തുള്ള അനൂപ് എന്ന് ആളിൽ നിന്നും ഇരുപത്തി എട്ട് ലക്ഷത്തി അറുപത്തി അയ്യായിരം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. പണം ഒസ്ട്രേലിയൻ മലയാളിയായ ജോമോൾ ഷിബുവിന്റെ കേരളത്തിലെ അക്കൗണ്ടിലേക്കാണ്‌ സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഓസ്ട്രേലിയൻ ദമ്പതിമാർ ജാമ്യമില്ലാ കേസിൽ പ്രതികളാണ്‌.

മലയാള സിനിമയിലെ ഇന്‍വെസ്റ്റര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണ്‌ ഓസ്ട്രേലിയൻ ദമ്പതിമാർ വൻ തട്ടിപ്പ് നടത്തിയത് . ഷിബു ലോറന്‍സ് മലയാളം സിനിമയിലെ പ്രമുഖര്‍ക്കെല്ലാം പണം കടം കൊടുക്കാറുണ്ട് എന്നും ദിലീപ് , ആസിഫ് അലി, ഫഹദ് ഫാസില്‍, നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, പ്രൊഡ്യൂസര്‍മാരായ ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ബി ഉണ്ണികൃഷ്ണന്‍, ബാദുഷ എന്നിവരെല്ലാം ഇയാളുടെ ഇടപാടുകാരാണെന്നും അത് കൊണ്ടാണ് അവരുടെ എല്ലാം ഫിലിം ഓവര്‍ സീസ് വിതരണം ഇയാള്‍ക്ക് കിട്ടുന്നതുമെന്നാണ് ഇയാള്‍ തട്ടിപ്പിനിരയായവരോട് പറയാറുള്ളത്. വൗ സിനിമാസിന്റെ പാര്‍ട്ണര്‍ ഷിബു ആണെന്ന് പറഞ്ഞു ആള്‍മാറാട്ടം നടത്തി അനൂപ് പള്ളിക്കര, സ്മിത അനൂപ് പള്ളിക്കര എന്നിവരില്‍ നിന്നും 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ എഫ് ഐ ആറിൽ ഓസ്ട്രേലിയൻ ദമ്പതിമാരുടെ തട്ടിപ്പ് വിവരിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് യുട്യൂബർ കൂടിയായ ബൈജു കൊട്ടാരക്കരക്കെതിരേയും കേസെടുത്തു. മലയാളത്തിലെ നവ പ്രൊഡക്ഷന്‍ കമ്പനിയായ ‘വൗ’ സിനിമാസിന്റെ പ്രൊഡ്യൂസര്‍ സന്തോഷ് ത്രിവിക്രമനും മാനേജര്‍ ഷിബു ജോബുമാണ് അവസാനമായി ഇവരുടെ ചതിയില്‍ പെട്ടത്.‘പ്രിയന്‍ ഓട്ടത്തിലാണ്’, ‘കുഞ്ഞമ്മിണി ഹോസ്പിറ്റല്‍’, ‘സീക്രെട് ഹോം’ എന്നീ സിനിമകള്‍ കൂടാതെ 25 ലധികം സിനിമയുടെ പ്രൊഡക്ഷനില്‍ ഭാഗമായ സന്തോഷ് ത്രിവിക്രമന്‍ എന്ന വിദേശ മലയാളിയെ ആണ് തങ്ങള്‍ ഓവര്‍ സീസ് ഡിസ്ട്രിബൂഷന്‍ ചെയ്യുന്നവരാണ് എന്ന് പറഞ്ഞു പറ്റിച്ചത്.

‘കുഞ്ഞമ്മിണിസ് ഹോസ്പിറ്റല്‍’ എന്ന സിനിമയുടെ റിലീസിംഗ് സമയത്താണ് ഷിബു ലോറന്‍സ് ജോണും അയാളുടെ ഭാര്യാ ജോമോള്‍ ഷിബു ജോണും സമീപിച്ചത്. 35 ലക്ഷം രൂപക്ക് ഓവര്‍ സീസ് ഡിസ്ട്രിബൂഷന്‍ മാത്രം എടുത്ത ഇരുവരും ഓസ്ട്രേലിയയില്‍ ഉള്ള മലയാളികളില്‍ നിന്നും ഈ സിനിമയുടെ പാര്‍ട്ണര്‍ ആണെന്ന് പറഞ്ഞു 1 കോടിയിലധികം പണം കൈക്കലാക്കി. ‘വൗ സിനിമാസിലെ’ മാനേജര്‍ ആയ ‘ഷിബു’ ആണെന്ന് പറഞ്ഞു ആള്‍ മാറാട്ടം നടത്തി വഞ്ചിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇവര്‍ക്കെതിരെ തട്ടിപ്പിനിരയായവര്‍ കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളില്‍ കേസ് കൊടുത്തിട്ടുണ്ട്. തട്ടിപ്പു നടത്തിയ പണം ഷിബു ലോറന്‍സ് ജോണിന്റെ ഭാര്യ ജോമോള്‍ ഷിബുവിന്റെ കേരളത്തിലെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതിനോട് ബന്ധപ്പെട്ടു ബൈജു കൊട്ടാരക്കര വൗ സിനിമാസിന്റെ മാനേജര്‍ ആയ ഷിബു ജോബിനെയും സന്തോഷ് ത്രിവിക്രമനെയും ഫോണില്‍ വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നും ഷിബു ജോബിന്റെ ഭാര്യയെയും മക്കളെയും വകവരുത്തുമെന്നും ഭീഷണിപെടുത്തി എന്നും ആരോപണം. കൂടാതെ ഇരുവരുടെയും പേരില്‍ മോശം വീഡിയോ ചെയ്തു ബൈജു കൊട്ടാരക്കര തന്റെ യൂട്യൂബ് ചാനലില്‍ അവരെ അപകീർത്തിപെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഇരുവരുടെയും പേരില്‍ വേറെയും കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടക്കുന്നുണ്ട്.

ഷിബു ലോറന്‍സ് ജോണിനും ബൈജു കൊട്ടാരക്കരക്കുമെതിരെ വിസാ തട്ടിപ്പും പീഡനവും അടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ മലയാളത്തിലെ ‘വെള്ളം’, ‘നദികളില്‍ സുന്ദരി യമുന’ തുടങ്ങിയ സിനിമകളുടെ പ്രൊഡ്യൂസര്‍ ആയ മുരളി ദാസ് എന്ന വ്യക്തിയേയും ഓസ്ട്രേലിയയില്‍ ബിസിനസ് പാര്‍ട്ണര്‍ ആക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് 2 കോടിയിലധികം രൂപ തട്ടിയെടുത്ത മറ്റൊരു കേസും കേരളത്തില്‍ ഷിബു ലോറെന്‍സ് ജോണിനെതിരെ നിലവില്‍ ഉണ്ട് .

അതിനുപുറമെ ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അടുത്ത ബന്ധുവാണെന്നു പ്രചരിപ്പിച്ചു ഓസ്ട്രേലിയയിലേക്ക് വിസയും റെസിഡന്‍സി പെര്‍മിറ്റും വാഗ്ദാനം ചെയ്തു പലരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസുകളില്‍ ഓസ്ട്രേലിയയിലും ഇന്ത്യയുടെ പല സംസഥാനങ്ങളിലും ഇയാള്‍ക്കെതിരെ നിരവധി പോലീസ് കേസുകള്‍ നിലവില്‍ ഉള്ളതായി സൂചന. ഓസ്ട്രേലിയയില്‍ നിരവധി പേപ്പര്‍ കമ്പനികള്‍ തുടങ്ങി അവിടത്തെ ഗവണ്മെന്റ് ഗ്രാന്‍ഡ് തട്ടിച്ചതടക്കം നിരവധി കേസുകളില്‍ ഈ വ്യക്തി ഓസ്ട്രേലിയയില്‍ നിയമ നടപടികള്‍ നേരിട്ട് കൊണ്ടിരിക്കുന്നതായും കേരള പോലീസിന് വിവരം .മലയാള സിനിമ ഓസ്ട്രേലിയയില്‍ മാത്രം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന ഷിബുലോറന്‍സ് ഓവര്‍ സീസ് ഡിസ്ട്രിബ്യൂട്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ആണ് പ്രൊഡ്യൂസര്‍മാരിലേക്ക് അടുപ്പം സ്ഥാപിക്കുന്നത്. ഇയാളെ പല പ്രൊഡ്യൂസര്‍മാരിലേക്കും പരിചയപ്പെടുത്തിയ പ്രശസ്ത സംവിധായകനും ഈ കണ്ണികളില്‍ ഭാഗമാണോ എന്ന് പോലീസ് സംശയിക്കുന്നു..

ബൈജു കൊട്ടാരക്കരക്കെതിരെ ഇത്തരം ആരോപണങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ബൈജു കൊട്ടാരക്കരയുടെ പേരില്‍ കേരള പോലീസില്‍ മുന്‍പും നിരവധി കേസുകള്‍ നിലവിലുണ്ട്.മീഡിയ ചാനലുകളിലെ സജീവ ചര്‍ച്ചകനായി അവതരിച്ചിരുന്ന ബൈജു കൊട്ടാരക്കര ആ പബ്ലിസിറ്റി ഉപയോഗിച്ചാണ് ഷിബു ജോണും ഒരുമിച്ചു തട്ടിപ്പ് നടത്തിയത് എന്നാണ്‌ പരാതിക്കാർ പറയുന്നത്.