ബംഗാളിലും ബിജെപിക്ക് തിരിച്ചടി, മമത മുന്നേറുന്നു

കൊല്‍ക്കത്ത; ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളില്‍ ആകെയുള്ള 294 സീറ്റുകളില്‍ 292 സീറ്റുകളിലെ ഏകദേശ ചിത്രം വ്യക്തമാകുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 215 സീറ്റുകളില്‍ ലീഡ്. 76 സീറ്റുകളിലാണ് ബിജെപിക്ക് ലീഡുള്ളത്. കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് നിലവില്‍ ഒരു സീറ്റിലും ലീഡില്ല. അതേസമയം, നന്ദിഗ്രാമില്‍ മമത 1200 വോട്ടിനു ജയിച്ചതായ വിവരം തിരഞ്ഞെടുപ്പു കമ്മിഷന്‍ സ്ഥിരീകരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ ബിജെപിയും, മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരടിച്ച തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.

അതുകൊണ്ടുതന്നെ ഫലം ഇരു കൂട്ടര്‍ക്കും ഒരുപോലെ നിര്‍ണായകം. ഇവര്‍ക്കൊപ്പം പരാമവധി സീറ്റു സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യവുമുണ്ട്. ആകെ 294 സീറ്റുകളുള്ള ബംഗാള്‍ നിയമസഭയിലേക്ക് എട്ടു ഘട്ടങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഏപ്രില്‍ 29നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. അധികാരത്തില്‍ ഹാട്രിക് ലക്ഷ്യമിട്ടാണ് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള 294 സീറ്റുകളില്‍ 200ല്‍ അധികം സീറ്റുകള്‍ നേടി വന്‍ അട്ടിമറിയാണ് ബിജെപി ലക്ഷ്യമിട്ടത്.