പന്നി റോഡിന് കുറുകെ ചാടി; നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിച്ച് കോഴിക്കോട് ഒരാൾ മരിച്ചു

പന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിച്ച് കോഴിക്കോട് ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. വാനിലുണ്ടായിരുന്ന ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്. പന്നി കുറുകെ ചാടിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കുണ്ട്. ബൈപ്പാസിൽ പുലർച്ചെ 4.45 ഓടെയായിരുന്നു അപകടം നടന്നത്. സന്തോഷ് , അനൂപ് , ദൃശിൻ പ്രമോദ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.