ഹൃദയത്തില്‍ കളങ്കമേതുമില്ലാത്ത കോഴിക്കോട്ടുകാരനായിരുന്നു പിവി ഗംഗാധരനെന്ന് മഞ്ജു വാരിയര്‍

അന്തരിച്ച പ്രമുഖ സിനിമാ നിര്‍മാതാവും വ്യവസായിയുമായ പിവി ഗംഗാധരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടി മഞ്ജു വാരിയര്‍. തനിക്ക് ഉണ്ടായിരിക്കുന്നത് ഒരു കുടുംബാഗത്തിന്റെ നഷ്ടമാണെന്നും എല്ലാവരുടെയും പിവിജി തനിക്ക് പിവിജി അങ്കിള്‍ ആയിരുന്നുവെന്നും മഞ്ജു വാരിയര്‍ പറയുന്നു. ആദ്യമായി അദ്ദേഹത്തെ കാണുന്നത് മാതൃഭൂമിയുടെ കണ്ണൂര്‍ യൂണിറ്റ് ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു. അന്ന് പിവിജിക്കൊപ്പം എംവി വിരേന്ദ്രകുമാറും ഉണ്ടായിരുന്നു.

അന്ന് താന്‍ സിനിമയില്‍ എത്തിയിട്ടില്ല. പത്താം ക്ലാസില്‍ പഠിക്കുകയാണ്. ചടങ്ങിലെ ഉദ്ഘാടകനായ കെ കരുണാകരന്‍ സാറിന് ദീപം കൈമാറുകയായിരുന്നു ചുമതലയെന്നും മഞ്ജു വാരിയര്‍ ഓര്‍മിക്കുന്നു. അന്ന് അദ്ദേഹത്തെ പരിചയപ്പെടുക മാത്രമാണ് ചെയ്തത്. എന്നാല്‍ അത് വലിയ ഒരു ആത്മബന്ധത്തിന്റെ തുടക്കമാകുമെന്ന് കരുതിയില്ല. സല്ലാപത്തിന് ശേഷം തന്റെ അടുത്ത ചിത്രമായ തൂവല്‍ കൊട്ടാരം നിര്‍മിച്ചത് പിവിജി അങ്കിളായിരുന്നുവെന്നും മഞ്ജു വാരിയര്‍ പറയുന്നു.

അന്ന് മനസ്സില്‍ നിറഞ്ഞത് കുട്ടിക്കാലം മുതല്‍ കേട്ടിരുന്ന ഗൃഹലക്ഷ്മി എന്ന പേരിനൊപ്പം സഹകരിക്കുന്നതിന്റെ സന്തോഷമായിരുന്നു. സെറ്റില്‍വെച്ച് കണ്ടപ്പോള്‍ ഞങ്ങള്‍ സിനിമയെക്കുറിച്ച് ധാരാളം സംസാരിച്ചു. സല്ലാപത്തെക്കുറിച്ച് അദ്ദേഹം നല്ലവാക്കുകള്‍ പറഞ്ഞു. ഒപ്പം വടക്കന്‍ വീരഗാഥ പോലുള്ള ചിത്രങ്ങള്‍ നിര്‍മിച്ചതിന്റെ അനുഭവം പങ്കിട്ടുവെന്നും മഞ്ജു വരിയര്‍ പറയുന്നു.

അദ്ദേഹം ഹൃദയത്തില്‍ കളങ്കമില്ലാത്ത കോഴിക്കോടുകാരനായിരുന്നു. താന്‍ സിനിമയില്‍ ഉണ്ടായിരുന്ന കാലത്തും വിട്ടു നിന്ന കാലത്തും ഫോണില്‍ വിളിച്ച് സ്‌നേഹാന്വേഷണം നടത്തുമായിരുന്നു. കോഴിക്കോട് എപ്പോള്‍ എത്തിയാലും തന്റെ വീട്ടില്‍ എത്തി ഭക്ഷണം കഴിക്കണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നുവെന്നും മഞ്ജു വാരിയര്‍ പറയുന്നു. കോഴിക്കോട് ഉണ്ടെങ്കില്‍ തന്റെ നൃത്തപരിപാടികള്‍ക്ക് എല്ലാം അദ്ദേഹം മുന്നില്‍ തന്നെ ഉണ്ടാകും.

പിവി ചന്ദ്രന്‍ സാറും പിവിജി അങ്കിളും തമ്മിലുള്ള സഹോദരബന്ധത്തിന്റെ ദൃഢത അടുത്തുനിന്ന് കണ്ടിട്ടുണ്ട്. ഗൃഹലക്ഷ്മിയുടെ സിനിമകള്‍ പോലെ ആസ്വാദ്യകരമായിരുന്നു അവരുടെ കുടുംബത്തിലെ അന്തരീക്ഷവും എന്നും. പിവിജി അങ്കിളിന് വലിയ സന്തോഷമായിരുന്നു മക്കളായ ഷെനൂഗയും ഷെര്‍ഗയും ഷെഗ്നയും സിനിമ നിര്‍മാണ രംഗത്തിലേക്ക് എത്തിയത്. കോവിഡ് കാലത്തും അദ്ദേഹം വളിക്കുമായിരുന്നു. ഒരു സിനിമയില്‍ മാത്രമാണ് ഒപ്പം പ്രവര്‍ത്തിച്ചത് പക്ഷേ അതുകൊണ്ട് ഒരായുസ്സിന്റെ ബന്ധം എനിക്കുണ്ടായി എന്നും മഞ്ജു വാരിയര്‍ പറയുന്നു.