മാനന്തവാടി ജീപ്പ് അപകടം, ഉറ്റവരെ നഷ്‌ടപ്പെട്ട കുടുംബങ്ങൾക്ക് 10 ലക്ഷം വീതം നൽകും

തിരുവനന്തപുരം: മാനന്തവാടി ജീപ്പ് അപകടത്തിൽ മരിച്ച തോട്ടം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായം നൽകും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തിൽ 9 പേരാണ് മരിച്ചത്. തോട്ടം തൊഴിലാളികളായിരുന്നു മരിച്ചവരെല്ലാം. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ മാത്രമായിരുന്നു അനുവധിച്ചിരുന്നത്. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

പണി കഴിഞ്ഞ് തൊഴിലാളികളുമായി വീടുകളിലേക്ക് പോയ ജീപ്പാണ് കൊടുംവളവിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്‌ക്കു സമീപം ഓഗസ്റ്റ് 25ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. മക്കിമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. കണ്ണോത്ത് മല ഭാഗത്തുനിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വന്ന ജീപ്പാണ് കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപം കൊടുംവളവിൽ ചെങ്കുത്തായ താഴ്‌ചയിലേക്കു മറിഞ്ഞത്.

അപകടത്തിൽ മരിച്ചവർ: തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലെ കൂളൻതൊടിയിൽ സത്യന്റെ ഭാര്യ ലീല (42), കൂക്കോട്ടിൽ ബാലന്റെ ഭാര്യ ശോഭന (54), കാപ്പിൽ മമ്മുവിന്റെ ഭാര്യ റാബിയ (55), പത്മനാഭന്റെ ഭാര്യ ശാന്ത (50), പത്മനാഭന്റെ മകൾ ചിത്ര (28), വേലായുധന്റെ ഭാര്യ കാർത്യായനി (62), പഞ്ചമിയിൽ പ്രമോദിന്റെ ഭാര്യ ഷജ (42), ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (55), തങ്കരാജിന്റെ ഭാര്യ റാണി (57).

പരുക്കേറ്റവർ: ജീപ്പ് ഡ്രൈവർ മണികണ്ഠൻ (44), തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലെ ചിന്നയ്യന്റെ ഭാര്യ ഉമാദേവി (43), പുഷ്പരാജിന്റെ ഭാര്യ ജയന്തി (45), ബാലസുബ്രഹ്മണ്യന്റെ ഭാര്യ ലത (38), മണികണ്ഠന്റെ മകൾ മോഹന സുന്ദരി.