പ്രാക്ടിക്കൽ വൈവക്കിടെ എംബിബിഎസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു, അധ്യാപകനെതിരെ പരാതി

ന്യൂഡൽഹി∙ വൈവ നടക്കുന്നതിനിടെ മെഡിക്കൽ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയാണു പരാതി നൽകിയത്. സഹകരിച്ചില്ലെങ്കിൽ എഴുത്തു പരീക്ഷയിലെ മാർക്കിൽ അതു പ്രതിഫലിക്കുമെന്നു ഭീഷണി.

പ്രാക്ടിക്കൽ വൈവ നടക്കുന്നതിനിടെ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന പ്രഫസർ അനാവശ്യമായ ചോദ്യങ്ങൾ‌ ചോദിച്ചു. സാധാരണ അധ്യാപകർക്ക് എതിർവശത്തിരുന്നാണ് വിദ്യാർഥികൾ ചോദ്യങ്ങൾക്കു മറുപടി നൽകുന്നത്.

അതിനിടെ ചില രോഗങ്ങളെക്കുറിച്ചു ചോദിച്ച അധ്യാപകൻ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. മറ്റു വിദ്യാർഥികൾക്കും ഇയാളിൽ നിന്നു മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെൺകുട്ടിയുടെ പരാതിയിൽ‌ പറയുന്നു.