മാധ്യമ വിചാരണകള്‍ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നു – ചീഫ് ജസ്റ്റിസ്.

 

റാഞ്ചി/ രാജ്യത്തെ മാധ്യമ വിചാരണകള്‍ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ. പ്രത്യേക അജന്‍ഡകൾ മുന്നിൽ വെച്ച് മാധ്യമങ്ങള്‍ നടത്തുന്ന ചര്‍ച്ചകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നു- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.

കേസുകളില്‍ മാധ്യമ വിചാരണ ഒരിക്കലും നിര്‍ണായക ഘടകമായി വരാന്‍ പാടില്ല. മാധ്യമങ്ങള്‍ പലപ്പോഴും കങ്കാരു കോടതികളായി മാറുകയാണ്. പരിചയസമ്പന്നരായ ജഡ്ജിമാര്‍ പോലും അതിന്റെ സ്വാധീനത്തില്‍നിന്നു കുതറാന്‍ പ്രയാസപ്പെടുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രത്യേക അജന്‍ഡ വച്ചുള്ളതുമായ മാധ്യമ ചര്‍ച്ചകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് – ചീഫ് ജസ്റ്റിസ് പറഞ്ഞു.

മാധ്യമങ്ങളുടെ പക്ഷപാതപരമായ പ്രചാരണം ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. അത് ജനാധിപത്യ സംവിധാനത്തെ കേടുവരുത്തുന്നതാണ്. നീതിനിര്‍വഹണത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. സ്വന്തം ഉത്തരവാദിത്വം മറന്നു പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തെ രണ്ടടി പിന്നോട്ടു നടത്തുകയാണ് ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.