ബന്ധു നിയമന വിവാദ൦; ലോകയുക്ത ഉത്തരവിനെതിരെ കെടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ കുറ്റക്കാരനാണെന്ന വിധിയ്‌ക്കെതിരെ മന്ത്രി കെ.ടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി വെക്കേഷൻ ബെഞ്ചിന് മുൻപിൽ ഹർജി എത്തിയ്ക്കാനാണ് ശ്രമം. അടിയന്തിര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെടും. ബന്ധു നിയമനത്തിൽ കെടി ജലീൽ കുറ്റക്കാരനെന്ന ലോകായുക്ത വിധിയെ തുടർന്ന് ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നു മുഖ്യമന്ത്രിയോട് ലോകായുക്ത കോടതി വിധിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബന്ധുവായ കെ.ടി അബീദിനെ സംസ്ഥാന ന്യൂന പക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച് മന്ത്രി കെ ടി ജലീലിൻറെ ഓഫീസ് ഉത്തരവിറക്കിയത്. ഇതിനു വേണ്ടി കെ.ടി അബീദിന്റെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ജനറൽ മാനേജരുടെ യോഗ്യതകളിൽ മാറ്റം വരുത്തിയിരുന്നു. ഇങ്ങിനെ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് നിരീക്ഷിച്ച ലോകായുക്ത തുടർ നടപടിയെടുക്കാൻ മുഖ്യമന്ത്രിയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു. മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നായിരുന്നു ലോകായുക്തയുടെ വിധി. ന്യൂനപക്ഷ കോർപറേഷന്റെ ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് വിധി.