കാണാതായതിൻ്റെ പിറ്റേന്ന് മിഷേൽ കായലിൽ , 7 വർഷമായിട്ടും ഇരുട്ടിൽത്തപ്പി ക്രൈംബ്രാഞ്ച്

കൊച്ചിയിൽ സിഎ വിദ്യാർത്ഥിനി ആയിരുന്ന പിറവം സ്വദേശിനി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന് എങ്ങുമെത്താതെ അന്വേഷണം.
2017 മാർച്ച് 5 ന് കാണാതായ മിഷേലിന്‍റെ മൃതദേഹം പിറ്റേന്ന് കൊച്ചി കായലിലാണ് കണ്ടെത്തിയത്. കൊച്ചിയിൽ സി.എ വിദ്യാര്‍ത്ഥിനിയായിരുന്നു മിഷേല്‍.

ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്‍റെ മരണകാരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. എന്നാല്‍, ക്രൈംബ്രാഞ്ച് ഇതുവരെ അവരുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

2017 മാര്‍ച്ച് അഞ്ചിന് വൈകീട്ട് എറണാകുളം കച്ചേരിപ്പടിയിലുള്ള സെന്റ് തെരേസാസ് ഹോസ്റ്റലില്‍നിന്ന് കലൂര്‍ സെയ്ന്റ് ആന്റണീസ് ദേവാലയത്തിലേക്ക് പോയ മിഷേല്‍ 6.15-ന് പള്ളിയില്‍ നിന്നു തിരിച്ചിറങ്ങിയെന്നും രാത്രി 8-ന് എറണാകുളത്തിനും വൈപ്പിനുമിടയിലുള്ള രണ്ടാമത്തെ ഗോശ്രീ പാലത്തില്‍നിന്നു കായലില്‍ ചാടി ആത്മഹത്യ ചെയ്തെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

എന്നാല്‍ മിഷേലിന്റെ മൂക്കിനിരുവശത്തും കണ്ട പാടുകളും കൈത്തണ്ടയില്‍ കണ്ട കരിനീലിച്ച പാടുകളും ചുണ്ടിലെ മുറിപ്പാടും എങ്ങനെയുണ്ടായെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് മിഷേലിന്‍റെ ബന്ധുക്കള്‍ പറയുന്നു.

അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍ മിഷേലിന്റെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഇതുവരെ അംഗീകരിച്ചിട്ടില്ല. മകളെ ആരൊക്കെയോ ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് പിതാവ് ഷാജി വര്‍ഗീസും കുടുംബവും. കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും പ്രതിഷേധമറിയിക്കാന്‍ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മുഴുവന്‍ ദേവാലയങ്ങളിലും ഞായറാഴ്ച ഇതു സംബന്ധിച്ച് പ്രതിഷേധ പ്രമേയം വായിക്കുമെന്നും ഷാജി വര്‍ഗീസ് അറിയിച്ചു.

മിഷേലിന്‍റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പിറവം എം.ല്‍.എ അനൂപ് ജേക്കബിന്‍റെ നേതൃത്വത്തില്‍ ഷാജിയും ബന്ധുക്കളും കര്‍മസമിതി ഭാരവാഹികളും മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. മിഷേലിനെ പിന്തുടര്‍ന്ന യുവാക്കളെക്കുറിച്ചും ഇതുവരെ വിവരമില്ല എന്നതടക്കം ഏഴ് സംശയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തീകരിച്ചതായി റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ അന്വേഷണം സി.ബി.ഐ.ക്ക് വിടാന്‍ നിയമപരമായി സാധിക്കൂവെന്നും അന്വേഷണം തുടരുകയാണെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നതെന്നും ഷാജി പറഞ്ഞു.