മോഹൻലാൽ ക്യാമറക്ക് മുന്നിൽ നല്ല നടൻ, ജീവിതത്തിൽ വളരെ മോശം നടൻ – സുചിത്ര മോഹൻലാൽ

മലയാള സിനിമയിലെ നടന വിസ്മയം മോഹൻലാലിന്റെ അറുപത്തിമൂന്നാം ജന്മദിനമായിരുന്നു ഞായറാഴ്ച. ആരാധകരും സഹപ്രവർത്തകരുമായി നിരവധിപ്പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ സുചിത്രയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. മോഹൻലാൽ ക്യാമറയ്‌ക്ക് മുന്നിൽ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തിൽ വളരെ മോശം നടനാണെന്നുമാണ് സുചിത്ര പറഞ്ഞിരിക്കുന്നത്.

മോഹൻലാൽ വളരെ ഇമോഷണലാണ്. ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കാൻ ലാലിനറിയാം. അക്കാര്യം മറ്റാരും അറിയുകയുമില്ല. ഒരു അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യം പറഞ്ഞത്.1988 ലാണ് മോഹൻലാലും സുചിത്രയും വിവാഹിതരാവുന്നത്. അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര.

അതേസമയം, മോഹന്‍ലാല്‍ അനാഥാശ്രമത്തിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ലാലിന്റെ 63-ാം ജന്മദിനം ഹം(HUM) ഫൗണ്ടേഷന്‍ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമായ ഏഞ്ചല്‍സ് ഹട്ടിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍ ആഘോഷിക്കുകയുണ്ടായി. കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച മോഹന്‍ലാല്‍ കുഞ്ഞുങ്ങള്‍ക്ക് സമ്മാനപ്പൊതികളും നൽകുകയുണ്ടായി. ‘കൊച്ചു മാലാഖമാരുടെ അനുഗ്രഹങ്ങളോടെ ഒരു എളിയ ജന്മദിന ആഘോഷം’ എന്നാണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.