കൊച്ചി നഗരമധ്യത്തില്‍ യുവതിക്ക് നേരെ വധശ്രമം; കൈ അറ്റു

കൊച്ചി: കൊച്ചിയിൽ യുവതിക്ക് നേരെ വധശ്രമം. കലൂര്‍ ആസാദ് റോഡില്‍ രാവിലെ 11 മണിയോടെയാണ് ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളെ യുവാവ് അക്രമിച്ചത്. വാക്കത്തി കൊണ്ടുള്ള വെട്ടില്‍ യുവതിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം പെൺകുട്ടിയോടൊപ്പം കൂട്ടുകാരും ഉണ്ടായിരുന്നു. പ്രതി ആക്രമണത്തിനു ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ടതായാണ് വിവരം.

പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തിന് അടുത്തയാണ് ആക്രമണം നടന്നത്. ഇതേ വഴിയിലൂടെയാണ് പെൺകുട്ടികൾ സ്ഥിരമായി നടന്ന് പോകാറുള്ളതെന്നും ദൃക്‌സാക്ഷിയായ ജോബ് പറഞ്ഞു. ‘ബൈക്കില്‍ വരുമ്പോള്‍ രണ്ടു പെണ്‍കുട്ടികളും ഒരു യുവാവും തമ്മില്‍ റോഡില്‍ ഉന്തും തള്ളും നടക്കുന്നത് കണ്ടു. പെട്ടെന്ന് യുവാവ് വാക്കത്തിയെടുത്ത് ഒരു പെണ്‍കുട്ടിയുടെ കഴുത്തിന് വെട്ടാന്‍ ശ്രമിച്ചു. മറ്റേ പെണ്‍കുട്ടി കൈകൊണ്ട് തടഞ്ഞതുകൊണ്ട് മാത്രം വെട്ടേറ്റില്ല.

ഒരു പെണ്‍കുട്ടികയുടെ കൈക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടികള്‍ ചെറുത്തുനിന്നതോടെ അവന്‍ ഓടി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു’, തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവതിയുടെ ആണ്‍സുഹൃത്താണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.