ജോഷി സാറിനൊപ്പം മകൾക്ക് അഭിനയിക്കാൻ ഭാ​ഗ്യം ലഭിച്ചതിനെക്കുറിച്ച് മുക്ത

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് മുക്ത. അഭിനേത്രി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം. സ്റ്റേജ് ഷോകളിലും മറ്റും ഡാൻസുമായി നടി തിളങ്ങിയിട്ടുണ്ട്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത ബിഗ് സ്‌ക്രീനിൽ എത്തുന്നത്. വിവിധ ചിത്രങ്ങളിൽ തിളങ്ങുന്നതിനിടെ തമിഴിലും അവസരം ലഭിച്ചു. ഗായികയും അവതാരികയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിന്ന നടി പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി. പത്താം വളവ് എന്ന സിനിമയിലൂടെ മകളും അഭിനയ രം​ഗത്തേക്ക് എത്തിയിരുന്നു

ജോഷിയുടെ പാപ്പൻ‌ എന്ന ചിത്രത്തിലും കിയാര അഭിനയിച്ച സന്തോഷമാണ് മുക്ത ഇപ്പോൾ‌ സോഷ്യൽമീ‍ഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ജോഷിക്കൊപ്പം കിയാര നിൽക്കുന്ന ചിത്രവും മുക്ത പങ്കുവെച്ചിട്ടുണ്ട്. 2007ൽ പുറത്തിറങ്ങിയ ജോഷിയുടെ നസ്രാണിയിൽ മുക്തയും അഭിനയിച്ചിരുന്നു. ഇപ്പോൾ മകളും ജോഷിയുടെ ചിത്രത്തിന്റെ ഭാ​ഗമായതിന്റെ സന്തോഷത്തിലാണ് മുക്ത.

‘2007 ൽ ജോഷി സാർ സംവിധാനം ചെയ്ത നസ്രാണി എന്ന വലിയ സിനിമയുടെ ഭാഗമാകുവാൻ എനിക്ക്‌ അവസരം ലഭിച്ചു. ഇപ്പോൾ 2022 എന്റെ മകൾ കണ്മണിക്കുട്ടികും ജോഷി സാർ സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന സിനിമയുടെ ഭാഗമാകുവാൻ സാധിച്ചു’ എന്നാണ് സന്തോഷം പങ്കുവെച്ച്‌ മുക്ത കുറിച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് മുക്തയ്ക്കും കിയാരയ്ക്കും ആശംസകൾ നേർന്ന് എത്തുന്നത്.