ഭീമൻ നക്ഷത്രത്തെ ചുറ്റുന്ന ഏഴ് ​ഗ്രഹങ്ങൾ, ഇരട്ട സൗരയൂഥം, പുത്തൻ വിവരങ്ങൾ നൽകി നാസ

ഇരട്ട സൗരയൂഥം എന്ന സംശയങ്ങൾക്ക് തിരികൊളുത്തുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഏഴ് ​ഗ്രഹങ്ങളടങ്ങിയ ​ഗ്രഹ സംവിധാനത്തെ നാസയുടെ കെപ്ലർ സ്പേസ് ടെലിസ്കോപ്പാണ് പകർത്തിയത്. കെപ്ലർ-385 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഭീമൻ നക്ഷത്രത്തെ ചുറ്റുന്നത് ഭൂമിയേക്കാൾ വലുപ്പമുള്ള ഏഴ് ​ഗ്രഹങ്ങൾ ആണെന്നാണ് കണ്ടെത്തൽ.

ഏഴ് ​ഗ്രഹങ്ങൾക്കും ഭൂമിയേക്കാൾ വലുപ്പമുണ്ടെന്നും എന്നാൽ നെപ്ട്യൂണിനേക്കാൾ ചെറുതുമാണെന്ന് നാസ വ്യക്തമാക്കുന്നു. സൗരയൂഥത്തിന് പുറത്തുള്ള ​ഗ്രഹങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ പഠനങ്ങൾ നടക്കുന്നതിനിടെയാണ് നിർണായക കണ്ടെത്തൽ. സൗരയൂഥത്തിന് പുറത്തുള്ള ഇത്തരം ​ഗ്രഹങ്ങളെ എക്സോപ്ലാനറ്റുകൾ എന്നാണ് വിളിക്കുന്നത്.

കെപ്ലർ-385 സിസ്റ്റത്തിന്റെ മധ്യഭാ​ഗത്ത് സൂര്യനെപ്പോലെ ഒരു നക്ഷത്രമുണ്ട്. എന്നാൽ സൗരയൂഥത്തിലെ സൂര്യനേക്കാൾ പത്ത് ശതമാനം വലുപ്പവും അഞ്ച് ശതമാനം ചൂടും ഇതിന് കൂടുതലാണ്. സംവിധാനത്തിലെ ​ഗ്രഹങ്ങൾക്ക് ഭൂമിയേക്കാൾ വലുപ്പമുണ്ട്. പാറ നിറഞ്ഞ പ്രതലമാണ് ഇവയ്‌ക്ക്. പുറത്തുള്ള അഞ്ച് ​ഗ്രഹങ്ങൾക്ക് കട്ടിയായ അന്തരീക്ഷവുമുണ്ടെന്നുമാണ് നിഗമനം.

2013-ൽ പ്രാഥമിക നിരീക്ഷണങ്ങൾ അവസാനിച്ച ബഹിരാകാശ ദൂരദർശിനിയാണ് കെപ്ലർ‌. തുടർന്ന് K2 എന്നറിയപ്പെടുന്ന ദൗത്യം 20‌18 വരെ തുടർന്നു. കെപ്ലർ ശേഖരിച്ച ഓരോ വിവരങ്ങളും ക്ഷീരപഥത്തെ കുറിച്ച് അമ്പരിപ്പിക്കുന്ന വിവരങ്ങളാണ് നൽകുന്നത്.