ഇത്രനാളും എല്ലാവരും എവിടെയായിരുന്നു, അവളുടെ വേദന മനസ്സിലാക്കാന്‍ അഞ്ച് വര്‍ഷത്തിന് ശേഷം പോസ്റ്റിടേണ്ടി വന്നു, നേഹ റോസ് പറയുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വാര്‍ത്തകളില്‍ സജീവമായി നിറയുകയാണ്. നടന്‍ ദിലീപിനെതിരായ പല തെളിവുകളും പുറത്തു വരികയാണ്. ഇതിന് പിന്നാലെ നടി പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് സിനിമ മേഖലയ്ക്ക് അകത്തുള്ളവരും പുറത്തുള്ളവരും നടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. ഇപ്പോള്‍ നടി നേഹ റോസ് ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ആക്രമിക്കപ്പെട്ട നടിക്കു ലഭിക്കുന്ന പിന്തുണ കാണുമ്പോള്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഇത് കുറച്ച് വൈകിപ്പോയെന്നും നേഹ പറയുന്നു. പെണ്ണിന് എന്നും അവള്‍ മാത്രമേ കാണൂ എന്നും നമുക്ക് രക്ഷപ്പെടണമെങ്കില്‍ നമ്മള്‍ സ്വന്തമായി ഇറങ്ങി തിരിക്കണമെന്നും നേഹ കൂട്ടിച്ചേര്‍ത്തു.

‘ഒരു പെണ്ണ് അനുഭവിച്ച വേദന മാനസികസമ്മര്‍ദ്ദം അത് ലോകത്തിന് മനസ്സിലാക്കാന്‍ അവള്‍ സ്വന്തമായി പോസ്റ്റ് ഇടേണ്ടി വന്നു അതും അഞ്ചുവര്‍ഷത്തിനുശേഷം. ഇപ്പോള്‍ ഇത്രയും സപ്പോര്‍ട്ട് കാണുമ്പോള്‍ സന്തോഷം എന്നാലും ചോദിക്കാതിരിക്കാന്‍ പറ്റുന്നില്ല ഇത്രനാളും എല്ലാവരും എവിടെയായിരുന്നു?

കുറ്റപ്പെടുത്തലുകള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്ന ആളാണ് ഞാന്‍.. എപ്പോഴും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടത് സ്ത്രീകളാണ്.. സ്ത്രീകള്‍ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റം. അതിന്റെ കാരണവും മനസ്സിലാക്കി. ആണിന് ഒന്നാംസ്ഥാനവും പെണ്ണിന് രണ്ടാംസ്ഥാനം മതി എന്ന ചിന്താഗതിയാണ് ഇതിന്റെ കാരണം.. ഒരു പ്രത്യേകതരം ഈഗോ. സ്ത്രീകള്‍ എന്നും താഴ്ന്നു നില്‍ക്കണം അല്ലെങ്കില്‍ അവളെ ഒതുക്കണം എന്ന ചിന്താഗതി.

ഒരു പെണ്ണിന് എന്നും അവള്‍ മാത്രമേ ഉള്ളൂ അതാണ് സത്യം. നമ്മള്‍ സ്ത്രീകള്‍ മനസ്സിലാക്കേണ്ട കാര്യം ഇതാണ്, നമുക്ക് രക്ഷപ്പെടണമെങ്കില്‍ നമ്മള്‍ സ്വന്തമായി ഇറങ്ങി തിരിക്കണം… എനിക്ക് എന്റെ വോയിസ് മാത്രമാണ്. ഒരുപക്ഷേ ഈ ലോകം തന്നെ മാറ്റിമറിക്കാന്‍ കഴിയും എന്റെ വോയ്സിന്… അതുകൊണ്ട് നമ്മള്‍ സ്ത്രീകള്‍ ശബ്ദമുയര്‍ത്തി നമുക്കുവേണ്ടി നിലകൊള്ളണം.’നേഹ റോസ് പറഞ്ഞു.