ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന, സംസ്ഥാനത്ത് ഇന്ന് 41,953 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ശക്തമായിരിക്കെ സംസ്ഥാനത്ത് ഇന്ന് 41,953 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് എറണാകുളം ജില്ലകളിൽ കൊവിഡ് വ്യാപനം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്നത്തെ കൊവിഡ് കേസുകളുമായും ഹോട്ട്സ്പോട്ടുകളുമായും ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,64,60,838 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.