നിർമ്മാണ തൊഴിലാളികളെ ആദരിച്ച് പ്രധാനമന്ത്രി, പ്രത്യേക ഷാളുകൾ അണിയിച്ചു

ന്യൂഡൽഹി : പാർലമെന്റ് മന്ദിരത്തിന്റെ കെട്ടിട നിർമ്മാണത്തിൽ പ്രവർത്തിച്ച തൊഴിലാളികളെ ആദരിച്ച്
പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രത്യേക ഷാളുകൾ അണിയിച്ചും മെമന്റോകൾ നൽകിയുമാണ് തൊഴിലാളികളെ ആദരിച്ചു. ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി സർവ്വമത പ്രാർത്ഥന നടത്തി. പാർലമെന്റ് ഉദ്ഘാടനത്തിന് ശേഷം സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തുള്ള പുതിയ ലോക്സഭാ ചേംബറിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു.

വിളക്ക് കൊളുത്തിയായിരുന്നു ഉദ്‌ഘാടനം നിർവഹിച്ചത്. പിന്നാലെ ഫലകം അനാച്ഛാദനം ചെയ്തു. ഇതിന് മുന്നോടിയായി നടന്ന പൂജകളിൽ പ്രധാനമന്ത്രി പങ്കെടുത്തു. പ്രധാനമന്ത്രി ഏഴരയോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിലെത്തിയത്, തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം പ്രത്യേകം അലങ്കരിച്ച പന്തലിലാണ് പൂജ ചടങ്ങുകൾ നടന്നത്. സർവ്വമത പ്രാർത്ഥനയുമുണ്ടായി. തുടർന്ന് തമിഴ്നാട് ശൈവമഠങ്ങളിലെ പുരോഹിതർ, ചെങ്കോൽ നിർമ്മിച്ച വുമ്മിടി ബങ്കാരു ജുവലേഴ്സ്, മന്ദിര നിർമ്മാണത്തിലേർപ്പെട്ടവർ എന്നിവരെ ആദരിച്ചു. രണ്ട് സഭകളും പ്രധാനമന്ത്രി സന്ദർശിക്കും.