ചെങ്കോലിനെ സാഷ്ടാംഗം നമസ്കരിച്ച് പ്രധാനമന്ത്രി, ഉദ്‌ഘാടന ചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോൽ സ്ഥാപിച്ചു. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ, ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർചന നടത്തിയതോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങിയത്.

ഭാരതത്തിന്റെ പാരമ്പര്യവും സംസ്കാരവും പേറികൊണ്ടാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. നിലവിളക്ക് കൊളുത്തിയാണ് പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

ശൈവ മഠങ്ങളിലെ പുരോഹിതന്മാരുടെ സാന്നിധ്യത്തിൽ ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പടത്തിനരികിൽ ചെങ്കോൽ സ്ഥാപിക്കുകയും ചെയ്തു. ഭാരതത്തിന്റെ സംസ്കാരം വെളിപ്പെടുത്തുന്ന ചടങ്ങിനെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തു വന്നിരിക്കുന്നത്.

 

പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെ ലക്ഷക്കണക്കിന് പേരാണ് സന്തോഷം പ്രകടിപ്പിച്ചത്.

രാവിലെ 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ചടങ്ങുകളുടെ ഭാഗമായ ഹോമം, പൂജ എന്നിവ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നു.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പൂജയില്‍ പങ്കെടുത്തു. തുടർന്നാണ് സ്വാതന്ത്ര്യപ്രഖ്യാപനത്തിനുമുമ്പ് നടന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പാര്‍ലമെന്റിനകത്ത് ലോക്സഭാസ്പീക്കറുടെ ഇരിപ്പിടത്തിനുസമീപം സ്ഥാപിച്ചത്.