രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം, രോഗികളുടെ വർധനക്ക് പിന്നിൽ പുതിയ വകഭേദം?

ന്യൂഡൽഹി . രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. എക്സ് ബി ബി 1.16 എന്ന വകഭേദമാണ് കണ്ടെത്തിയിട്ടുള്ളത്. കൊവിഡ് കേസുകളിലെ വർദ്ധനക്ക് കാരണം പുതിയ വകഭേദമാണോ എന്ന് ആരോഗ്യ വിദഗ്ദ്ധർ സംശയിക്കുന്നു. അതേസമയം പുതിയ വകഭേദം ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയിംസ് മുൻ ഡയറക്ടറും കൊവിഡ് ടാസ്ക്ഫോഴ്‌സ് മേധാവിയുമായിരുന്ന ഡോ. രൺദീപ് ഗുലേറിയ പറഞ്ഞിട്ടുണ്ട്.

കർണാടക (30)​,​ മഹാരാഷ്ട്ര (29)​,​ പുതുച്ചേരി (7)​,​ ഡൽഹി (5)​,​ തെലങ്കാന (2)​,​ ഗുജറാത്ത് (1)​,​ ഹിമാചൽ പ്രദേശ് (1)​,​ ഒഡിഷ (1)​ എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിൽ പുതിയ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ജനുവരിയിലാണ് ഇന്ത്യയിൽ എക്സ് ബി ബി 1.16 വകഭേദം ആദ്യമായി റിപ്പോ‌ർട്ട് ചെയ്യപ്പെടുന്നത്. ജനുവരിയിൽ രണ്ടു കേസുകളും ഫെബ്രുവരിയിൽ 59 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മാർച്ച് മാസം ഇതുവരെ 15 പേരിൽ പുതിയ വകഭേദം കണ്ടെത്തി. അതേസമയം 841 പേരാണ് വെള്ളിയാഴ്ച കൊവിഡ് ബാധിതരായി ചികിത്സ തേടിയത്. നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 5389 ആയി കൂടിയിരിക്കുകയാണ്.