നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി.

സന: യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നിമിഷപ്രിയ തടവിൽ കഴിയുന്ന യെമൻ തലസ്ഥാനമായ സനയിലെ ജയിലിലെത്താൻ ജയിൽ അധികൃതർ നിർദേശം നൽകി. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ജയിൽ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായത്. നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്.

11 വ‍ർഷത്തിന് ശേഷമാണ് പ്രേമകുമാരി മകൾ നിമിഷപ്രിയയെ കാണുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം നാലരയോടെയാകും കൂടിക്കാഴ്ച നടക്കുക. കഴിഞ്ഞ ദിവസമാണ് നിമിഷപ്രിയയെ കാണാനും മോചനപ്രവ‍‌ർത്തനങ്ങൾക്കുമായി പ്രേമകുമാരി യെമനിലെ ഏദനിൽ എത്തിയത്. 20ന് പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടു മുംബൈ വഴിയാണ് പ്രേമകുമാരി ഏദനിൽ എത്തിയത്. തുട‍ർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം റോഡ് മാ‍ർഗം സനയിലേക്ക് തിരിക്കുകയായിരുന്നു. ആക്ഷൻ കൗൺസിൽ അംഗവും യെമൻ പ്രവാസിയുമായ സാമുവൽ ജെറോമും പ്രേമകുമാരിക്കൊപ്പമുണ്ട്.