കണ്ണൂരിൽ ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീൽ ബോംബുകൾ പിടികൂടി

കണ്ണൂർ മട്ടന്നൂർ കൊളാരിയിൽ ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീൽ ബോംബുകൾ പിടികൂടി. പാടത്ത് ബക്കറ്റിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ബോംബുകൾ നിർവീര്യമാക്കി

ബോംബുശേഖരം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്വാക്ഡും സ്ഥലത്തെത്തി ഉടനടി ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുകയായിരുന്നു. ഇത് ആർഎസ്എസിന്റെ ശക്തി കേന്ദ്രമാണെന്നും ബോംബ് നിർമാണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നും സിപിഐഎം ആരോപിച്ചു. എന്നാൽ ഇതുവരെ പൊലീസ് ഈ ആരോപണം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.

ബോംബുകൾ ഈ അടുത്ത കാലത്ത് തന്നെ നിർമിച്ചതാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ബോംബ് നിർമാണത്തിന് പിന്നിൽ ആരാണെന്നും ഇവരുടെ ലക്ഷ്യമെന്താണെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.