സിനിമ സെറ്റില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല, എന്നാല്‍ ചില നടിമാര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, നിമിഷ സജയന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിമിഷ സജയന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ സുരാജിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടിക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകകരുടെ മനസില്‍ കയറിക്കൂടാന്‍ നിമിഷയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സിനിമയിലെ ചില അസമത്വങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. സിനിമയില്‍ ഉയര്‍ന്ന പ്രതിഫലമുള്ളത് പുരുഷന്മാര്‍ക്ക് മാത്രമാണെന്നും എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് സമത്വം വേണമെന്ന ആശയമാണ് ഫെമിനിസം കൊണ്ട് അര്‍ഥമ്മാക്കുന്നതെന്നും നിമിഷ പറയുന്നു.

ഡബ്ല്യു സി സിയുടെ മടങ്ങി വരവോടെ സിനിമയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവ് വന്നിട്ടുണ്ടെന്ന് നിമിഷ പറയുന്നു. തനിക്ക് സെറ്റില്‍ നിന്നും യാതൊരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ;

‘ഡബ്ല്യൂസിസിയുടെ രൂപികരണം വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. എനിക്ക് ഇതുവരെ സെറ്റില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ മറ്റുചിലര്‍ക്ക് അങ്ങനെയുണ്ടായിട്ടുണ്ട്. ഡബ്ല്യൂസിസിയുടെ കടന്നു വരവോടെ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്കിടയില്‍ പേടിയുണ്ടായിട്ടുണ്ട്. സ്ത്രീകളുടെ ഇടയില്‍ അങ്ങനെയൊരു ശക്തി വന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു’.

‘സിനിമയിലെ കാര്യങ്ങളെ മുന്‍നിര്‍ത്തി ഫെമിനിസത്തെ നമുക്ക് നിര്‍വചിക്കാം. സ്ത്രീയും പുരുഷനും ഒരു പോലെ ജോലി ചെയ്യുന്ന മേഖലയാണ് സിനിമ. എന്നാല്‍ ഇവിടെ ഉയര്‍ന്ന പ്രതിഫലം എപ്പോഴും പുരുഷന്മാര്‍ക്ക് മാത്രമാണ്. എല്ലാ മേഖലയിലും സമത്വം എന്നതാണ് ഫെമിനിസത്തിന്റെ ഏറ്റവും വലിയ മുദ്രാവാക്യം. പുരുഷനോടൊപ്പം സ്ത്രീയ്ക്കും തുല്യ പരിഗണന നല്‍കുക. പുരുഷ വിദ്വേഷമല്ല ഫെമിനിസം.’