പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് കൊറോണ കുത്തിവെയ്പ്പുണ്ടാകില്ല

ന്യൂഡല്‍ഹി :നാളെ കൊറോണ വാക്സിനേഷന്‍ ആരംഭിക്കാനിരിക്കെ പതിനെട്ട് വയസ്സിന് താഴെയുള്ളവരില്‍ വാക്‌സിന്‍ കുത്തിവെയ്പ് തത്ക്കാലം നടത്തേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഷീല്‍ഡ് വാക്സിനും 18 വയസിന് മുകളിലുള്ള ആളുകളില്‍ മാത്രമെ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ കൊവാക്സിന്‍ കുത്തിവെയ്പ്പ് നടത്താന്‍ ഡിസിഐജി നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിശദപഠനങ്ങള്‍ക്ക് ശേഷം കുത്തിവെയ്പ്പിനായുള്ള നിര്‍ദ്ദേശങ്ങള്‍ പുതുക്കിയതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) അറിയിച്ചു.

പുതിയ നിര്‍ദ്ദേശമനുസരിച്ച് രണ്ട് വാക്സിനുകളും പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കില്ല.സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന്‍ എന്നീ കൊറോണ വാക്സിനുകളുടെ കുത്തിവെയ്പ്പ് രാജ്യത്ത് നാളെ ആരംഭിക്കും. 28 ദിവസം ഇടവിട്ട് രണ്ട് ഡോസായാണ് വാക്സിന്‍ കുത്തിവെയ്പ്പ് നടത്തുക. ഗര്‍ഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും കുത്തിവെയ്പ്പില്‍ നിന്നും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.