പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സെക്രട്ടേറിയറ്റ് വളയാനൊരുങ്ങി യു ഡി എഫ്.

തിരുവനന്തപുരം . പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സെക്രട്ടേറിയറ്റ് വളയാനൊരുങ്ങി യു ഡി എഫ്. സംസ്ഥാന സർക്കാരിനെതിരായ പ്രതിപക്ഷ പ്രക്ഷോഭം നിയമസഭയ്ക്ക് പുറത്തേക്ക്. ഇതിന്റെ ഭാഗമായി ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റ് വളയാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

മെയ് മാസത്തിലെ രണ്ടാമാഴ്ചയാണ് സമരം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ശക്തമായ സമരം നടത്താൻ ചൊവ്വാഴ്ച ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. സർക്കാരിനെതിരായ സമരം ശക്തിപ്പെടുത്തുന്നതിന് എല്ലാ മാസവും യുഡിഎഫ് നേതാക്കളുടെ യോഗം കൂടുമെന്നും ചൊവ്വാഴ്ച നടന്ന യോഗത്തിൽ തീരുമാനമായി.

പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സഭാസമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞതിന് പിന്നാലെയാണ് യുഡിഎഫിന്റെ സമര പ്രഖ്യാപനം ഉണ്ടായത്.ഇതിനിടെ സമ്മേളനം 21 ദിവസത്തെ സിറ്റിംഗ് പൂർത്തിയാക്കി അവസാനിക്കുകയാണെന്ന് സ്പീക്കർ നിയമ സഭയിൽ അറിയിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ചൊവ്വാഴ്ചയും അനുമതി നൽകിയില്ല. അവകാശങ്ങൾ നിഷേധിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ കഴിഞ്ഞ ദിവസവും സഭാ നടപടികൾ ഇടക്ക് നിർത്തേണ്ടി വന്നു.