ഓപ്പറേഷന്‍ പി ഹണ്ട്; കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച ഡോക്ടറടക്കം 41 പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ വ്യാപക അറസ്റ്റ്. കുട്ടികളുടെ അശ്ലീല വീഡിയോകളടക്കം പ്രചരിപ്പിച്ച യുവ ഡോക്ടര്‍ ഉള്‍പ്പെടെ 41 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ കൂടുതലും ഐടി വിദഗ്ധരായ യുവാക്കളാണെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികളെ കുടുക്കാന്‍ വിരിച്ച വലയാണ് ഓപ്പറേഷന്‍ പി ഹണ്ട്.

അശ്ലീല വീഡിയോയോ, ഫോട്ടോയോ ലാപ്‌ടോപ്പിലോ, മൊബൈല്‍ ഫോണിലോ സൂക്ഷിക്കുകയോ സൈബര്‍ ഇടത്തില്‍ പ്രചരിപ്പിക്കകയോ ചെയ്യുന്നവരെയാണ് ഓപ്പറേഷന്റെ ഭാഗമായി അറസ്റ്റ് ചെയ്യുക. കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തവരും കുടുങ്ങും. ഇത്തരക്കാരെ സൈബര്‍ഡോമും ഇന്റര്‍പോളും നിരീക്ഷിച്ചുവരികയാണ്.

കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ കുത്തനെ വര്‍ധിച്ചതായി ഇന്റര്‍പോളിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ മൂന്നാം ഘട്ട ഓപ്പറേഷന്‍ പി ഹണ്ട് റെയ്ഡ് നടന്നത്. 465 കേന്ദ്രങ്ങളിലായി നടന്ന റെയ്ഡില്‍ 6 മുതല്‍ 15 വയസ് വരെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച ആളുകളാണ് അറസ്റ്റിലായത്.