കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഡ്വക്കേറ്റായി പത്മലക്ഷി, ചരിത്രത്തിലെഴുതി ആപേര്

കൊച്ചി . കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷകയായി പത്മലക്ഷ്‌മി. പത്മലക്ഷ്മിയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം. ‘എനിക്ക് അനീതിക്കെതിരെ പ്രതികരിക്കാൻ കരുത്തും ശക്തിയും വേണം. ദൈവത്തിന്റെ രൂപത്തിൽ മുന്നിൽവന്നവർക്കൊക്കെ നന്ദി. ഞാൻ വലിയൊരു സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒത്തിരി സന്തോഷം അച്ഛനും അമ്മക്കുമാണ്. അവരാണ് എന്താ ശക്തി’ പത്മലക്ഷി പറഞ്ഞു.

നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്‌ദമാകുകയാണ്‌ പത്മലക്ഷ്‌മിയുടെ ലക്‌ഷ്യം. ഒരുപാട് പേർ കൂടെ നിന്നിട്ടുണ്ട്. അവർക്കൊക്കെ നന്ദി. ഞായറാഴ്‌ച അഭിഭാഷകരായി സന്നത്‌ എടുത്ത 1529 പേരിൽ ഒന്നാമതായാണ്‌ പത്മയുടെ പേരുവിളിച്ചത്. ലോ കോളേജ്‌ അധ്യാപികയായിരുന്ന ഡോ. എം കെ മറിയാമ്മയും പത്മലക്ഷ്‌മിക്ക് വലിയ പിന്തുണ നൽകി. ബാർ കൗൺസിൽ ഓഫ്‌ കേരള ഉൾപ്പെടെ കൂടെനിന്ന എല്ലാവർക്കും പത്മലക്ഷ്‌മി നന്ദി പറയുകയുണ്ടായി.

പത്മലക്ഷ്‌മി പ്രാക്‌ടീസിനുശേഷം ജുഡീഷ്യൽ സർവീസ്‌ പരീക്ഷകൾ എഴുതാൻ ആഗ്രഹിക്കുകയാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽനിന്ന്‌ കൂടുതൽപേർ അഭിഭാഷകരായി കടന്നുവരണമെന്നും ആവശ്യമുള്ളവർക്ക്‌ തന്റെ പക്കലുള്ള പുസ്തകങ്ങൾ നൽകാൻ തയ്യാറാണെന്നും പത്മലക്ഷ്‌മി പറഞ്ഞിട്ടുണ്ട്.. അഭിഭാഷകയാവുകയെന്ന ആഗ്രഹം ചെറുപ്പം മുതൽ പത്മലക്ഷ്‌മിക്ക് ഉണ്ടായിരുന്നു.

എറണാകുളം ഗവ. ലോ കോളേജിൽ 2019ൽ നിയമപഠനത്തിനെത്തി. ഭൗതികശാസ്‌ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കി രണ്ട്‌ വർഷത്തിനുശേഷ മായിരുന്നു അത്. എൽഎൽബി അവസാന വർഷമാണ്‌ അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച്‌ കൃത്യമായി സംസാരിക്കുന്നത്. കേൾക്കുമ്പോൾ അവർക്ക്‌ ബുദ്ധിമുട്ടുണ്ടാകുമോ എന്ന്‌ പേടിയുണ്ടായിരുന്നു. എന്നാൽ, ‘എന്തുകാര്യവും നീ ഞങ്ങളോടാണ്‌ പറയേണ്ടതെന്ന്‌’ പറഞ്ഞ്‌ അച്ഛൻ മോഹനകുമാറും അമ്മ ജയയും പത്മയ്‌ക്ക്‌ പൂർണപിന്തുണ നൽക്കുകയായിരുന്നു.