മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസ നിധി ദുർവിനിയോഗം: വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കണം, ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം. ദുരിതാശ്വാസനിധി ദുർവിനിയോഗ പരാതിയില്‍ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ലോകയുക്ത വിധി പ്രസ്താവിക്കാതെ നീട്ടികൊണ്ടുപോകുന്നതിനെതിരെ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കേണ്ട അവസ്ഥ. ലോകയുക്ത വിധി പ്രഖ്യാപിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ഒരു പരാതിക്കാരൻ. വാദം പൂർത്തിയാക്കി ഒരു വർഷം പിന്നിട്ടിട്ടും വിധി പ്രഖ്യാപിക്കാത്തതിനാലാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ജനങ്ങൾ പരമോന്നതമെന്നു കരുതുന്ന ലോകയുക്തക്ക് ജനങ്ങൾ കല്പിച്ചു വന്ന വിശ്വാസങ്ങൾക്ക് മുന്നിൽ ചോദ്യ ചിഹ്നം ആവുകയാണ് സംഭവം. ലോകായുക്തയിൽ വരുന്ന കേസുകളിൽ വാദം പൂർത്തിയായി ആറു മാസത്തിനുള്ളിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം നില നിൽക്കെയാണ് കേരളത്തിൽ ലോകായുക്ത ഒരു കേസിൽ വിധി പറയുവാൻ തയ്യാറാകുന്നില്ലെന്ന് ഹർജ്ജിയിൽ പറഞ്ഞിരിക്കുന്നു.

തിരുവനന്തപുരം നേമം സ്വദേശിയും കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗവുമായ ആര്‍.എസ്. ശശികുമാറാണ് ഹൈക്കോടതിയെ ലോകായുകത വിധി പറയാതെ നീട്ടികൊണ്ടു പോകുന്നതിനെതിരെ സമീപിച്ചിരിക്കുന്നത്. ലോകയുക്ത രജിസ്ട്രാറെ എതിർകക്ഷിയാക്കി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാണ് പരാതിക്കാരൻ ഹർജ്ജി ഫയൽ ചെയ്തിരിക്കുന്നത്.. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ പരാതിയിലെ ലോകായുക്തയുടെ മൗനം വിവാദമായ സാഹചര്യത്തിലാണ് ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. ഹര്‍ജി സര്‍ക്കാരിന് തീർത്തും കുരുക്കായി. മുന്‍പ് വന്ന ലോകായുക്ത വിധിയിലാണ് മന്ത്രി ജലീലിനു സ്ഥാനം രാജി വയ്ക്കേണ്ടി വന്ന സാഹചര്യം ഉണ്ടാക്കുന്നത്. ലോകായുക്തയുടെ അധികാരം സര്‍ക്കാര്‍ എടുത്ത് കളഞ്ഞെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ബില്‍ നിയമമായിട്ടില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിനു സംബന്ധിച്ച് തലവേദനയായ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ എത്തിയിട്ടുള്ളതെന്ന താണ് ശ്രദ്ധേയം.

ലോകയുക്തയിൽ 2022 ഫെബ്രുവരി 5 ന് വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയാക്കിയിരുന്നു. ഹർജ്ജിയിന്മേലുള്ള വാദത്തിനിടെ ലോകാ യുക്തനിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഈ വകുപ്പ് പ്രകാരമുള്ള ലോകയുക്ത വിധിയിലാണ് കെടി. ജലീലിന് മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവരുന്നത്. ഓർഡിനൻസിന് പകരമുള്ള ബില്ല് നിയമസഭ പാസ്സാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ ലോകയുക്തയിലെ, പതിനാലാം വകുപ്പ് പുനസ്ഥാപിക്കപ്പെടുകയായിരുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും, ഉപലോകയുക്ത ജസ്റ്റിസ് ഹാറൂൺ- ഉൽ-റഷീദും ഉൾപ്പെട്ട ബെഞ്ചാണ് ഹർജ്ജിയിൽ വാദം കേൾക്കുന്നത്.