ജലന്ധറില്‍ മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യ; അധ്യാപകനെതിരെ നടപടി വേണമെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ

കോഴിക്കോട്: ജലന്ധറിലെ സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരനായ അധ്യാപകനെതിരെ നടപടി വേണമെന്ന് അഗിന്‍റെ അച്ഛന്‍റെ മൊഴി.കോഴിക്കോട് എന്‍ഐടിയിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന അജിന്‍ എസ് ദിലീപിന്‍റെ ആത്മഹത്യയില്‍ എന്‍ഐടി ഡയറക്ടര്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. എസ്എഫ്ഐയുടെ നേതൃത്ത്വത്തില്‍ എന്‍ഐടിയിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം ഡയറക്ടര്‍ പ്രസാദ് കൃഷ്ണയെ ഉപരോധിച്ചു. ഡയറക്ടര്‍ രാജിവെക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

സത്യം എന്തെന്ന് അറിയണമെന്നും മകന് നീതി ലഭിക്കണമെന്നും അച്ഛൻ ദിലീപ് പൊലീസിനോട് പറഞ്ഞു.  ഈ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് കേസിലെ എഫ്ഐആര്‍ തയാറാക്കിയിട്ടുള്ളത്. അതേസമയം, അഗിൻ്റെ മൃതദേഹവുമായി ദില്ലിയിൽ നിന്നുള്ള വിമാനം ഉച്ചയോടെ കൊച്ചിയിലെത്തും. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് നടക്കും. ജലന്ധറിലെ സ്വകാര്യ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായ, അഗിന്‍റെ ആത്മഹത്യ കുറിപ്പില്‍ പ്രസാദ് കൃഷണയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പരാമര്‍ശം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം വ്യാപകമായതോടെ ഡയറക്ടര്‍ പ്രസാദ് കൃഷണക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തിട്ടുണ്ട്.

പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടാലുടന്‍ പ്രസാദ് കൃഷ്ണക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളേജ് എസിപിയും അറിയിച്ചു. 2018 ലാണ് അഗിൻ എസ് ദിലീപ് കോഴിക്കോട് എന്‍ഐടിയില്‍ പ്രവേശനം നേടിയത്. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിലായിരുന്നു പ്രവേശനം. പിന്നീട്  ജലന്ധറിലെ സ്വകാര്യ സര്‍വകലാശാലയിലേക്ക് പോയി. അവിടെ ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസമാണ് അഗിന്‍ ആത്മഹത്യ ചെയ്തത്. കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് കോഴ്സ് നിര്‍ത്തി പോകാന്‍ കാരണം ഡയറക്ടര്‍ പ്രസാദ് കൃഷ്ണ ആണെന്നാണ് അഗിന്‍ ആത്മഹത്യ കുറിപ്പില്‍ ആരോപിക്കുന്നത്. അതേസമയം, അഗിന്‍റെ കാര്യത്തില്‍ നിയമപരമായ കാര്യങ്ങളാണ് സ്വീകരിച്ചതെന്നാണ് കോഴിക്കോട് എന്‍ഐടിയുടെ വിശദീകരണം. ചട്ടപ്രകാരം കോഴ്സില്‍ തുടരാന്‍ യോഗ്യത ഇല്ലാത്തതിനാലാണ് പുറത്താക്കിയത്തെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.