എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരവും അനുഗ്രഹീതമായ ഒരു ദിവസം, ആരാധകര്‍ക്ക് മുമ്പില്‍ കണ്ണു നിറഞ്ഞ് പേളി

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ വെച്ച് പരിചയത്തിലായ ഇരുവരും പ്രണയത്തിലാവുകയും ഷോ അവസാനിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഇവരുടെ മകള്‍ നിലയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. കുടുംബ സമേതം ദുബായില്‍ അവധി ആഘോഷിക്കുകയാണ് പേളിയും ശ്രീനിഷും. ദുബായിലെ തങ്ങളുടെ ആരാധകരെ ഇവര്‍ നേരിട്ടുകാണുകയും അവര്‍ക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.

ആരാധകര്‍ക്കായി ഒരുക്കിയ പേളിഷ് മീറ്റപ്പ് വീഡിയോകളും ഫോട്ടോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പേരിലാണ് ആരാധകര്‍ക്കായി പ്രത്യേക പരിപാടി പേര്‍ളിയും ശ്രീനിഷും ചേര്‍ന്ന് സംഘടിപ്പിച്ചത്. നിരവധി പേരാണ് പേളിയെയും ശ്രീനിഷിനെയും കുഞ്ഞു നിലയെയും കാണാനായി എത്തിയത്. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തങ്ങളെ സ്‌നേഹിക്കുന്നവര്‍ ദുബായില്‍ ഒരുക്കിയതെന്ന് പേര്‍ളി പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തങ്ങളെ സ്‌നേഹിക്കുന്നവരുടെ കൂട്ടം കണ്ട് സന്തോഷം അടക്കാനാവാതെ പേര്‍ളി പൊട്ടിക്കരയുന്ന വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

മകള്‍ നില ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള പേളിയുടെയും ശ്രീനിഷിന്റെയും ആദ്യ വിദേശ യാത്രയായിരുന്നു ദുബായിലേക്ക് നടത്തിയത്.
‘എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരവും അനുഗ്രഹീതമായ ഒരു ദിവസമായിരുന്നു കടന്നുപോയത്. ഞങ്ങളുടെ കൂട്ടായ്മയില്‍ പങ്കുചേരാനും അനുഗ്രഹിക്കാനും ആശംസിക്കാനും സമയം ചെലവഴിക്കാനും എത്തിയ ഒരോരുത്തരോടും അകമഴിഞ്ഞ നന്ദി അറിയിക്കാന്‍ നിലയും ശ്രീനിഷും ഞാനും ആഗ്രഹിക്കുന്നു’ എന്നാണ് മീറ്റ് അപ്പിന് ശേഷം പേര്‍ളി മാണി സോഷ്യല്‍മീഡിയയില്‍ കുറച്ചത്.

ഗര്‍ഭിണിയായതിന് പിന്നാലെ സിനിമ, ടെലിവിഷന്‍ രംഗത്ത് നിന്നും പേളി ഇടവേള എടുത്തിരിക്കുകയാണ്. സൈമ അവാര്‍ഡിന്റെ അവതാരകയായി പേളി എത്തിയിരുന്നു. മകള്‍ക്കൊപ്പം സമയം ചിലവഴിക്കാനായി ശ്രീനിഷും ഇപ്പോള്‍ സീരിയലുകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. പേളിയുടെ യൂട്യൂബ് ചാനലിലാണ് ഇരുവരും ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിരവധി വീഡിയോകള്‍ താരങ്ങള്‍ ഈ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് താരങ്ങളുടെ വീഡിയോ വൈറലായി മാറാറുമുണ്ട്.