മാർ ക്രിസോസ്റ്റമിനെ ഇരുട്ടുമുറിയിലാക്കി, ഭക്ഷണം പോലും നൽകുന്നില്ലെന്ന് ഡ്രൈവർ നിഷേധിച്ച് സഭ

ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ചികിത്സയിലാണ്.102 വയസ്സ് പിന്നിട്ട മെത്രാപ്പോലിത്തയെ എല്ലാവർക്കും ഇഷ്ടമാണ്. സരസമായ വർത്തമാനമാണ് മെത്രാപ്പോലിത്തയുടെ പ്രധാന ആ​ഘർഷണം. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനവും അലങ്കരിച്ചിരുന്നു. 2007-ൽ സ്ഥാനത്യാഗം ചെയ്ത ഇദ്ദേഹം ‘മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത’ എന്നറിയപ്പെടുന്നു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ നൂറാം ജന്മദിനം 27 ഏപ്രിൽ 2017 ആഘോഷിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റ സേവനങ്ങളെ മാനിച്ചു 2018-ൽ ഇന്ത്യ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തിരുന്നു..

ഫെലോഷിപ്പ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മെത്രാപ്പോലിത്ത അനുഭവിക്കുന്നതു കൊടിയ പീഡനമെന്ന് സന്തത സഹചാരിയും ഡ്രൈവറുമായ എബി ജെ എബ്രഹാം വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇക്കാര്യം തെളിവു സഹിതം ചൂണ്ടിക്കാട്ടി എബി മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മയ്ക്ക് പരാതി നൽകുകയും ചെയ്തു. മാർച്ച്‌ 14 മുതൽ തന്നെ വലിയ മെത്രാപ്പൊലീത്തയിൽ നിന്നും സഭ അകറ്റിയിരിക്കുകയാണെന്ന് എബി പരാതിയിൽ പറയുന്നു.

ഒരു വർഷമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ 42ാം നമ്പർ സ്യൂട്ട് റൂമിലാണ് മെത്രാപ്പോലീത്തയെ കിടത്തിയിരുന്നത്. കുറെ ദിവസം മുമ്പ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ആ മുറിയിൽനിന്ന് മാറ്റി ഇരുട്ട് നിറഞ്ഞ മറ്റൊരു മുറിയിലാക്കി. പലതവണ അദ്ദേഹം തന്നെ അഭ്യർത്ഥിച്ചിട്ടും തിരികെ മാറ്റിയില്ല. നല്ല ഭക്ഷണം കൊടുക്കുന്നില്ലെന്നും എബി പറയുന്നു. താനുള്ളപ്പോൾ പുറമേ നിന്നും വാങ്ങി കൊടുക്കുകയും കുളിപ്പിച്ച് മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റുകയും ചെയ്യുമായിരുന്നു. ഇപ്പോൾ തുടച്ച് പൗഡർ ഇടുക മാത്രമാണ് ചെയ്യുന്നത്. രണ്ടും മൂന്നും മാസം കൂടുമ്പോഴാണ് കുളിപ്പിക്കാറ്. ആരെങ്കിലും കാണാൻ വന്നാൽ മാത്രമാണ് വസ്ത്രം മാറ്റുന്നത്.

അദ്ദേഹത്തിന് ഭക്ഷണം എത്തിക്കുന്നത് ആംബുലൻസിലാണ്. കഴുകാനുള്ള തുണിയും മൃതദേഹവും കയറ്റുന്നതും ഇതിൽതന്നെ. പരാതിപ്പെട്ടപ്പോൾ ഇവിടെ ഈ സൗകര്യമൊക്കെയേ ഉള്ളൂ വേണമെങ്കിൽ മതി എന്നായിരുന്നു അഡ്മിനിസ്‌ട്രേറ്ററുടെ മറുപടിയെന്നും എബി പരാതിയിൽ പറയുന്നു. ഇവരുടെ കൈയിൽനിന്ന് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കണമെന്നും എബി പറയുന്നു. പരാതി പുറത്തുവന്നതിന് ശേഷം സഭാ വിശ്വാസികളടക്കം പ്രതിഷേധം അറിയിക്കുകയും സംഭവം വിവാദമാവുകയും ചെയ്തു.

എബിയുടെ കത്തിൽ ഉന്നയിച്ച ആരോപണം നിഷേധിച്ച് വാർത്താ കുറിപ്പുമായി മാർത്തോമ്മാ സഭാധികൃതരും രംഗത്തെത്തി.ഇതൊരു വ്യാജ പ്രചാരണമാണെന്നും വ്യക്തി വിരോധം മൂലം സഭയെ തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നും സഭാ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. 103 വയസുള്ള തിരുമേനിക്ക് കൃത്യമായ മെഡിക്കൽ സേവനവും പരിചരണവും നൽകുന്നുണ്ട്. 2018 ഡിസംബർ 10 മുതലാണ് തിരുമേനിയെ ഫെലോഷിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നെല്ലാം തിരുമേനിയുടെ ഡ്രൈവർക്ക് ശമ്പളവും നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നെന്നും രുമേനിക്ക് ആശുപത്രി വിട്ട് പുറത്തേക്ക് പോകാനുള്ള ആരോഗ്യ സ്ഥിതി ഇല്ലാത്തതിനാൽ ഇനി ഒരു ഡ്രൈവറുടെ ആവശ്യമില്ല. അതു കൊണ്ടാണ് സഭാ സിനഡും സഭയുടെ സ്റ്റാഫ് മറ്റേഴ്‌സ് കമ്മിറ്റിയും സഭാ കൗൺസിലും ചേർന്ന് ഡ്രൈവർ എബിയുടെ സേവനം ജൂലൈ 31 വരെ മതി എന്നുള്ള തീരുമാനം എടുത്തത്. അതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും എബിക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്. തിരുമേനിയെ ശുശ്രൂഷിക്കാൻ ആശുപത്രിയിലെ മെഡിക്കൽ സംഘം 24 മണിക്കൂറും ജാഗരൂകരാണ്. തിരുമേനിക്ക് ആവശ്യമുള്ള ഭക്ഷണങ്ങളെല്ലാം നൽകുന്നുണ്ടെന്നും സഭ പറയുന്നു.