പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന അക്കൗണ്ടുകളിലെ നിക്ഷേപം ലക്ഷം കോടി കടന്നു

പ്രധാനമന്ത്രി ജന്‍ധന്‍ യോജന (പി.എം.ജെ.ഡി.വൈ.) പദ്ധതിക്കുകീഴിലുള്ള 36.6 കോടി ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപം ഒരുലക്ഷംകോടി രൂപ കടന്നു. പി.എം.ജെ.ഡി.വൈ. അക്കൗണ്ടുകളില്‍ ജൂലായ് മൂന്നുവരെ 1,00,495.94 കോടി രൂപയുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. ജൂണ്‍ ആറിന് ഇത് 99,649.84 കോടി രൂപയായിരുന്നു. തൊട്ടുമുമ്പത്തെ ആഴ്ച 99,232.71 കോടി രൂപയും.

കേന്ദ്ര സര്‍ക്കാര്‍ 2014 ഓഗസ്റ്റ് 28-നാണ് എല്ലാവര്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ജന്‍ധന്‍ യോജന തുടങ്ങിയത്.

ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഒരു രൂപ പോലും നിക്ഷേപം ഇല്ലാത്ത അക്കൗണ്ടുകളുടെ എണ്ണം 5.10 കോടിയില്‍ നിന്ന് 5.07 കോടിയായി കുറഞ്ഞെന്ന് ഈയിടെ ധനകാര്യ മന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.

ആ അക്കൗണ്ട് ഉടമകള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. 2018 ആഗസ്റ്റ് 28 ന് ശേഷം അക്കൗണ്ട് തുറന്നവയ്ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.