നമ്മൾ കൊറോണക്കെതിരെയുള്ള യുദ്ധം തുടരണം; രണ്ടാം ഡോസ് വാക്സിൻ വിതരണം വേഗത്തിലാക്കാൻ സംസ്ഥാനസർക്കാരുകൾ ശ്രദ്ധിക്കണം: പ്രധാനമന്ത്രി

രാജ്യം മുഴുവൻ കൊവിഡിനെതിരായ പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾക്ക് വാക്സിൻ നൽകേണ്ട ചുമതല മുഖ്യമന്ത്രിമാർക്കുണ്ടെന്ന് ഓർമ്മപ്പെടുത്തിയ പ്രധാനമന്ത്രി രണ്ടാം ഡോസ് വാക്സിൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നു നിർദേശം നൽകുകയും ചെയ്തു. ആദിവാസികൾക്കും ഉൾഗ്രാമങ്ങളിലും വാക്സിനേഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ജില്ലകൾ തോറും കൊവിഡ് വാക്സിൻ വിതരണത്തിന് കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കണം. എല്ലാവരിലും കൊവിഡ് വാക്സിനെത്തിക്കാൻ സംസ്ഥാനങ്ങൾ മുൻകൈയെടുക്കണം. വാക്സിൻ വിതരണത്തിലെ പിഴവുകൾ കണ്ടെത്തി പരിഹരിക്കണം. ഉൾഗ്രാമങ്ങളിലും ആദിവാസികൾക്കും വാക്സിനേഷൻ ഉറപ്പാക്കണം. രണ്ടാം ഡോസ് വാക്സിൻ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നിർദേശിച്ചു.

ഇതിനിടെ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്. ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും തീയറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകി. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹത്തിന് 100 പേർക്ക് അനുമതിയുണ്ട്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.