പോലീസ് സേനയിൽ വീണ്ടും ആത്മഹത്യ, വീടിനുള്ളിൽ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് : പോലീസ് സേനയിലെ ആത്മഹത്യയ്ക്ക് അറുതിയില്ല. കൊടുവള്ളി പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ജിതേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ജിതേഷിനെ തൂങ്ങിയമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം സ്‌റ്റേഷനിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ജിതേഷ് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ അടുക്കളയിൽ തൂങ്ങിയ നിലയിൽ ഉദ്യോഗസ്ഥനെ കണ്ടെത്തിയത്.

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. അതേസമയം, ഫെബ്രുവരി പത്തിന് പോത്തൻകോട് പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പോത്തൻകോട് നേതാജിപുരം എ.എസ്. ഭവനിൽ അജയകുമാറി(35)നെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. അജയകുമാറിന്റെ ഭാര്യ കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിൽ പോയി തിരികെ വീട്ടിൽ വന്നപ്പോൾ വീടിനകത്ത് തൂങ്ങിനിൽക്കുന്നതു കണ്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൃശ്ശൂർ ഐ.ആർ.ബി. ബറ്റാലിയനിലെ ഹവിൽദാറായിരുന്നു അജയകുമാർ.