ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തിയ സര്‍ക്കാരുദ്യോഗസ്ഥനായ ഭര്‍ത്താവ് ഒളിവില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: കിടപ്പുമുറിയില്‍ വച്ച്‌ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഒളിവില്‍പോയ സര്‍ക്കാര്‍ ജീവനക്കാരനായ ഭര്‍ത്താവിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. പനങ്ങോട് പറങ്കിമാംവിള നവാസ് മന്‍സിലില്‍ നാസിലാ ബീവിയെയാണ്(42) ഭര്‍ത്താവ് അബ്ദുള്‍ റഹീം വ്യാഴാഴ്ച രാത്രി കുത്തിക്കൊലപ്പെടുത്തിയത്.

സംഭവം നടക്കവേ 12 വയസുള്ള മകളും അതേ മുറിയില്‍ ഉറങ്ങുകയായിരുന്നു. അതേസമയം, നിലവില്‍ വീട്ടില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് നാസിലയുടെ പിതാവ് അബ്ദുള്‍ മനാഫ് പറഞ്ഞു.ചാക്ക ഐ.ടി.ഐയില്‍ ക്ലര്‍ക്കായ അബ്ദുള്‍ റഹീം സുഹൃത്തുക്കളോടൊപ്പം ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രി പത്തു മണിയോടെയാണ് വീട്ടിലെത്തിയത്.വരുമ്ബോള്‍ മക്കള്‍ക്ക് ചോക്ലേറ്റും കൊണ്ടു വന്നിരുന്നു. ദിവസവും രാവിലെ പിതാവിന് നിസ്‌കാര പായ് എടുത്തു കൊടുക്കുന്നത് നാസിലയാണ്.

കഴിഞ്ഞ ദിവസം രാവിലെ മകള്‍ എത്താതിരുന്നതിനാല്‍ അബ്ദുള്‍ മനാഫ് മുറിയിലേക്ക് നോക്കുമ്ബോഴാണ് കിടക്കയില്‍ രക്തം കട്ടപിടിച്ച്‌ കിടക്കുന്നതും നാസിലയുടെ കഴുത്തില്‍ കുത്തേറ്റതും കണ്ടത്. പ്രതിയുടെ ഒരു ഫോണ്‍ സ്വിച്ച്‌ ഓഫാണ്. മറ്റൊരു ഫോണും, സ്ഥിരം ഉപയോഗിക്കുന്ന ബാഗും വീട്ടിലുണ്ട്.ഡിഗ്രി വിദ്യാര്‍ത്ഥി യാസറും, എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഫൗസിയയുമാണ് മക്കള്‍.നേരത്തെ അബ്ദുള്‍ റഹിം ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചിരുന്നു. ഇത് നഷ്ടത്തിലായതിനെ തുടര്‍ന്ന് മദ്യപാനം തുടങ്ങി. രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്ന അബ്ദുള്‍ റഹീം മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.